News

പരീക്ഷാക്രമക്കേട് കേസ്: വീണ്ടും ചോദ്യം ചെയ്യലിന് എത്തില്ലെന്ന് പിഎസ്‌സി ചെയർമാൻ; ക്രൈംബ്രാഞ്ചിന് മറുപടി

തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രണ്ടാമതും ചോദ്യംചെയ്യലിന് ഹാജരാകാനുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ നോട്ടീസ് പിഎസ്‌സി ചെയർമാൻ എം ആർ ബൈജു നിരാകരിച്ചു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യലിന് എത്തണമെന്നാണ് ചെയർമാനോട് ആവശ്യപ്പെട്ടത്.

എന്നാൽ, അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഇതിൽ തീരുമാനമാകുന്നതുവരെ ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നുമാണ് ചെയർമാൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്. നിയമോപദേശം ലഭിച്ച ശേഷം തുടർനടപടിയിലേക്ക് കടക്കാനാണ് ക്രൈം ബ്രാ‍ഞ്ചിന്റെ തീരുമാനം.

അന്വേഷണത്തിന് വേഗംകുറവാണെന്ന രൂക്ഷവിമർശനമാണ് കഴിഞ്ഞമാസം പിഎസ്‌സിയുടെ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി നടത്തിയത്. ചെയർമാനും അംഗങ്ങളും അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചപ്പോൾ ക്രൈംബ്രാഞ്ചിന് മുന്നിൽ മൊഴിനൽകാനും രേഖകൾ ഹാജരാക്കാനും കോടതി പിഎസ്‍സിയോട് നി‌ർദേശിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ചെയർമാനെയും അംഗങ്ങളെയും ചോദ്യംചെയ്യാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് വേഗത്തിലാക്കിയത്.ചെയർമാനെയും സെക്രട്ടറിയെയും നാല് അംഗങ്ങളെയും അന്വേഷണസംഘം കഴിഞ്ഞമാസം ചോദ്യംചെയ്തിരുന്നു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാക്രമക്കേടിൽ റിമാൻഡിൽ കഴിയുന്ന രണ്ട് പിഎസ്‌സി ഉദ്യോഗസ്ഥരെ അടുത്തിടെ ചോദ്യം ചെയ്തപ്പോൾ കേസിൽ ചെയർമാൻ എം ആർ ബൈജുവിന്റെ പങ്കിനെക്കുറിച്ച് എസ്ഐടിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് ചെയർമാൻ ഹാജരാകാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button