News

36-ാമത്തെ ഉദ്യോഗസ്ഥനെയാണ് മാറ്റിയത്; ഇത് ആദ്യ സംഭവമല്ല! എക്സൈസ് കമ്മീഷണറെ മാറ്റിയതിൽ വിശദീകരണവുമായി എം. ലിജു

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് സീറാം സാംബശിവ റാവുവിനെ നീക്കിയ നടപടിയിൽ പ്രതികരണവുമായി എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. സർവീസിൽ ഉദ്യോഗസ്ഥർ മാറുന്നത് സ്വാഭാവിക പ്രക്രിയയാണെന്നും കഴിഞ്ഞ ദിവസം മാത്രം വകുപ്പിൽ 35-ഓളം ഉദ്യോഗസ്ഥർ സ്ഥലംമാറിപ്പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ന് 36-ാമതൊരു ഉദ്യോഗസ്ഥൻ മാറിയെന്നതിനപ്പുറം ഇതിൽ പ്രത്യേകതയൊന്നുമില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. കാര്യങ്ങളെല്ലാം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെപ്പറ്റി താൻ സംസാരിച്ചത് എഫ്.എൽ 3 ലൈസൻസിനെക്കുറിച്ചാണെന്നും എഫ്.എൽ 7 ലൈസൻസിന്റെ കാര്യത്തിൽ അങ്ങനെ ഒരു പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഒരു ബാർ ഒരു അപേക്ഷയുടെ മാത്രം ബലത്തിൽ വൈൻ പാർലറാക്കി മാറ്റുകയും, പിന്നീട് അത് ബാറായി മാറ്റിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രീതി ശരിയല്ലെന്ന് മന്ത്രി തുറന്നടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയത്. മന്ത്രിയെയോ സർക്കാരിനെയോ അറിയിക്കാതെ പുതിയ ബാറുകൾക്ക് അനുമതി നൽകിയതും, സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ കമ്മീഷണർ ന്യായീകരിച്ചതുമാണ് സ്ഥാനചലനത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ.

ബേക്കറികൾ വഴി വൈൻ വിൽപ്പന നടത്തുന്നതിനും 3 ബിയർ പാർലറുകൾ ബാറുകളാക്കി മാറ്റുന്നതിനും നെടുമ്പാശേരി സിയാൽ ലോഞ്ചിൽ രണ്ട് പുതിയ ബാറുകൾക്കും മന്ത്രിയുടെ അറിവില്ലാതെയാണ് അനുമതി നൽകിയിരുന്നത്. പുതിയ മദ്യനയം വരുന്നത് വരെ പുതിയ ബാറുകൾക്ക് അനുമതി നൽകരുതെന്ന മന്ത്രിയുടെ കർശന നിർദ്ദേശം തുടർച്ചയായി ലംഘിക്കപ്പെട്ടതാണ് എക്സൈസ് വകുപ്പിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button