News

ഏക സിവിൽ കോഡിൽ എൻഡിഎയിൽ ഭിന്നാഭിപ്രായം; ജെഡിയുവും ചിരാഗ് പക്ഷവും ജാഗ്രതയിൽ, ടിഡിപിയും നിലപാട് മയപ്പെടുത്തി

ദില്ലി: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബിജെപി നീക്കത്തിൽ എതിർപ്പ് തുടർന്ന് ജെഡിയുവും ചിരാഗ് പാസ്വാൻ്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിയും. എൻഡിഎക്കുള്ളിൽ ചർച്ച വേണം എന്ന നിലപാടിൽ രണ്ടു കക്ഷികളും ഉറച്ചു നിൽക്കുകയാണ്. അതേസമയം ഏക സിവിൽ കോഡിനോടുള്ള നയം തെലുങ്കുദേശം മയപ്പെടുത്തി. വളഞ്ഞ വഴിയിലൂടെയല്ല പാർലമെന്റിലാണ് ഈ കാര്യം ചർച്ചയാക്കേണ്ടതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള പറഞ്ഞു.

2029ന് മുമ്പ് ഏക സിവിൽ കോഡ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കും എന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഒരു ആലോചനയും ഇക്കാര്യത്തിൽ നടന്നിട്ടില്ല എന്നാണ് ടിഡിപി നേതാക്കൾ ഇന്നലെ അറിയിച്ചത്. എന്നാൽ, ടിഡിപി ആന്ധ്രപ്രദേശ് അധ്യക്ഷൻ പി ശ്രീനിവാസ റാവു നിലപാട് മയപ്പെടുത്തി.

ഏക സിവിൽ കോഡിനോട് എതിർപ്പില്ലെന്നും നിയമം കൊണ്ടുവരികയാണെങ്കിൽ യോജിക്കുമെന്നും ടിഡിപി നേതാവ് അറിയിച്ചു. ബിഹാറിൽ ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന നയത്തിൽ ജെഡിയുവും ലോക് ജനശക്തി പാർട്ടിയും ഉറച്ചു നിൽക്കുകയാണ്. ജെഡിയു നേതാവ് സഞ്ജയ് ഝാ അമിത് ഷായുമായി വിഷയം ചർച്ച ചെയ്യുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജെഡിയുവിൽ ഒരു വിഭാഗം ഏക സിവിൽ കോഡിനോട് കാര്യമായ എതിർപ്പ് ഉയർത്താത്തത് ബിജെപി പിടിവള്ളിയാക്കുകയാണ്. ഉപമുഖ്യമന്ത്രി വിജയ് കുമാർ ചൗധരി അടക്കമുള്ളവർക്ക് സിവിൽ കോഡ് ചർച്ചയ്ക്ക് എടുക്കണം എന്ന നിലപാടുണ്ട് എന്നാണ് സൂചന.

അതേസമയം ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ ഏക സിവിൽ കോഡിനെതിരായ നിലപാട് ആവർത്തിച്ചു. എന്നാൽ ഹിന്ദുസ്ഥാൻ അവാമി മോർച്ച നേതാവ് ജിതൻ റാം മാഞ്ചി ബിജെപിയുടെ നീക്കത്തെ അനുകൂലിക്കുമെന്ന് വ്യക്തമാക്കി. സംസ്ഥാനങ്ങളിലൂടെ കൊണ്ടുവരുന്നത് വളഞ്ഞ വഴിയാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള കുറ്റപ്പെടുത്തി. ഏക സിവിൽ കോഡ് നടപ്പാക്കണമെങ്കിൽ പാർലമെന്റിൽ നിയമം കൊണ്ടുവന്ന് പാസാക്കാനുള്ള ധൈര്യം എന്തുകൊണ്ടില്ലെന്നും ഒമർ അബ്ദുള്ള ചോദിച്ചു.

നിലവിലെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ഏക സിവിൽ കോഡ് ചർച്ചയാക്കുന്നത് എന്നാണ് കോൺഗ്രസ് കരുതുന്നത്. പയുപി തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമാക്കിക്കൂടിയാണ് ബിജെപി നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button