News

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി പ്രോസിക്യൂഷൻ!

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസിന്റെ വിചാരണ തുറന്ന കോടതിയിൽ തന്നെ നടത്തണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടതെന്നും, അത്തരമൊരു സാഹചര്യം നിലവിലുണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതിയെ അറിയിച്ചു. സാക്ഷികളും പ്രതികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

മഹാരാജാസ് കോളേജ് വിദ്യാർത്ഥികളാണ് കേസിലെ സാക്ഷികൾ എന്ന പ്രതികളുടെ വാദവും പ്രോസിക്യൂഷൻ തള്ളി. കോടതി പരിസരത്ത് അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നതിന് നിലവിൽ തന്നെ വിലക്കുണ്ടെന്നും ചൂണ്ടിക്കാണിച്ചു. കേസിലെ സാക്ഷികൾ പ്രതികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. കൂടാതെ കേസ് 70 തവണ പോസ്റ്റ് ചെയ്തിട്ടും പ്രതികൾ മൂന്ന് തവണ മാത്രമാണ് കോടതിയിൽ ഹാജരായതെന്നും, അധിക കുറ്റം വായിച്ച ദിവസം പ്രതികൾ മുഖംമൂടി ധരിച്ചാണ് കോടതിയിലെത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

2018 ജൂലൈ രണ്ടിനാണ് കോളേജിലെ പ്രവേശനോത്സവത്തിന് തലേന്ന് ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യു കൊല്ലപ്പെടുന്നത്. ക്യാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കേസ്. കാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പേരാണ് കേസിലെ പ്രതികൾ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സഹൽ ഹംസയാണ് കേസിലെ പ്രധാന പ്രതി. കൊലപാതകം, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രധാന പ്രതിയെ പിടികൂടാത്തതിലും, കോടതി കസ്റ്റഡിയിലിരിക്കെ സുപ്രധാന രേഖകൾ കാണാതായതിലും നേരത്തെ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. എട്ട് വർഷമായി കേസിന്റെ വിചാരണ നീണ്ടുപോകുന്നതിനെതിരെയും കനത്ത വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button