News

ഐപിഎസ് സ്ഥലംമാറ്റത്തിൽ അതൃപ്തി; ഡിജിപി ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് വിശദീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ വ്യാപകമായ സ്ഥലംമാറ്റത്തിൽ അതൃപ്തിയും പരാതികളും ഉയരുന്നു. എഡിജിപിമാരടക്കം 30-ഓളം മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ആഭ്യന്തര വകുപ്പ് അടുത്തിടെ നടത്തിയ അഴിച്ചുപണി വലിയ ചർച്ചയ്ക്ക് കാരണമായി.

മുൻ സർക്കാരിനോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ മാറ്റിയതിൽ ഡിജിപിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ നേരിട്ട് അറിയിച്ചു എന്നുമാണ് വിവരം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ടു കാര്യങ്ങൾ വിശദീകരിക്കാനാണ് ഡിജിപി പദ്ധതിയിടുന്നത്.

പൊലീസ് ആസ്ഥാനത്തിന്റെ ശുപാർശ പരിഗണിക്കാതെയാണ് ചില നിയമനങ്ങൾ നടന്നതെന്നും, അതിൽ മികച്ച ട്രാക്ക് റെക്കോർഡ് ഇല്ലാത്ത ഉദ്യോഗസ്ഥർ ജില്ലാ എസ്‌പിമാരായി നിയമിതരായെന്നും വിമർശനമുണ്ട്. വടക്കൻ മേഖലയിലെ ഐജിയുടെ ഒഴിവ് പൂരിപ്പിക്കാത്തതും, തെക്കൻ മേഖലയിൽ വർഷങ്ങളായി ചുമതലയിലുള്ള ഉദ്യോഗസ്ഥരെ മാറ്റാതിരുന്നതും ചർച്ചയായിട്ടുണ്ട്.

കോഴിക്കോട് കമ്മീഷണർ നിയമനത്തിലും ജൂനിയർ ഉദ്യോഗസ്ഥനെ സീനിയറായ ഡിസിപിക്ക് മുകളിലായി നിയമിച്ചതായി ആരോപണം ഉയർന്നു. കോഴിക്കോട് റൂറൽ, വയനാട്, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിച്ച് മൂന്ന് മാസത്തിനകം തന്നെ മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

കോട്ടയം അടക്കമുള്ള ജില്ലകളിൽ മാറ്റിയ എസ്‌പിമാർക്ക് പകരം നിയമനം നൽകാത്തതും പ്രതിപക്ഷ വിമർശനത്തിന് ഇടയാക്കി. അതേസമയം, വ്യക്തിപരമായ കാരണങ്ങളാൽ ചില ഡിഐജിമാർ സ്ഥലംമാറ്റം സംബന്ധിച്ച് അസൗകര്യം അറിയിച്ചതായും വിവരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button