News

എൽഡിഎഫ് പദ്ധതിയുടെ ക്രെഡിറ്റിൽ തർക്കം; വിമർശനവുമായി പി. രാജീവ്

ൽഡിഎഫ് സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങിയ വികസന പദ്ധതികൾ ‘മിഷൻ സമുദ്ര’യുടെ ഭാഗമാക്കി മുഖ്യമന്ത്രി വിഡി സതീശൻ ക്രെഡിറ്റ് തട്ടാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്ത്. കൊച്ചി വില്ലിങ്ടൺ ഐലന്റിലെ പദ്ധതിക്ക് പിന്നാലെ, മുഖ്യമന്ത്രി വിഡി സതീശൻ അവകാശവാദം ഉന്നയിക്കുന്ന കൊച്ചി രാമൻതുരുത്തിലെ 5,000 കോടി രൂപയുടെ കപ്പൽ നിർമ്മാണ പദ്ധതിയുടെയും അന്തിമ നടപടികൾ മുൻ എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയിരുന്നുവെന്ന് മുൻ വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. 2025 ജൂലൈയിൽ തന്നെ കൊച്ചിൻ ഷിപ്പ്‌യാർഡും ഹ്യൂണ്ടായും തമ്മിൽ ഒപ്പുവെച്ച ജോയിന്റ് വെഞ്ച്വറാണ് ഈ പദ്ധതിയെന്നും ഇതിനായി സംസ്ഥാന സർക്കാർ കൈമാറേണ്ട ഭൂമിയുടെ നടപടികൾ മുൻപ് തന്നെ തീർത്തതാണെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള പദ്ധതി എങ്ങനെയാണ് മുഖ്യമന്ത്രിയുടെ പുതിയ മിഷൻ സമുദ്രയാകുക എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് കപ്പൽ നിർമ്മാണത്തിനായി ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രിയുടെ മുൻ പ്രസ്താവന വിവാദത്തിലായതിന് പിന്നാലെയാണ് പുതിയ ക്രെഡിറ്റ് തർക്കവും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. വില്ലിങ്ടൺ ഐലന്റിൽ ടാറ്റയുടെ അനുബന്ധ കമ്പനി 300 കോടി രൂപ നിക്ഷേപത്തിൽ നടത്തുന്ന കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം മുൻ സർക്കാരിന്റെ കാലത്തുള്ളതാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും പി. രാജീവ് പുറത്തുവിട്ടു. ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപ വാർത്തയിൽ പിന്നീട് സർക്കാർ വാർത്താക്കുറിപ്പിലൂടെ വിശദീകരണം നൽകിയെങ്കിലും, രാമൻതുരുത്ത് പദ്ധതിയിലെ പുതിയ വിവാദങ്ങളോട് മുഖ്യമന്ത്രി ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button