മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; കൊലവിളി നടത്തിയയാൾ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ ടോണിയാണ് തിരുവനന്തപുരം സിറ്റി പൊലീസ് പിടികൂടിയത്.
സംഭവത്തിൽ ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടാകാമെന്ന സംശയവും പൊലീസ് ഉയർത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമാൻഡിംഗ് സെന്ററിന്റെ ഔദ്യോഗിക ഫോൺ നമ്പറിലേക്കാണ് പ്രതി നിരവധി തവണ വിളിച്ച് ഭീഷണി മുഴക്കിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
6238168522 എന്ന നമ്പറിൽ നിന്നാണ് കോളുകൾ വന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് പ്രശസ്തനാകണമെന്നായിരുന്നു പ്രതിയുടെ പരാമർശമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ, വി ഡി സതീശനോടുള്ള വ്യക്തിപരമായ വിരോധവും ഇയാൾ ഫോൺ സംഭാഷണത്തിനിടെ പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
“ഇപ്പോൾ മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്ന സുരക്ഷ മതിയാണോ” എന്ന തരത്തിലുള്ള ചോദ്യങ്ങളും പ്രതി പൊലീസിനോട് ഉന്നയിച്ചതായും പറയുന്നു.
സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിറ്റി പൊലീസ് കമാൻഡിംഗ് സെന്റർ ഡ്യൂട്ടി ഓഫീസർ സുരേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.



