ടി.ജി. മോഹൻദാസിന്റെ വീട്ടിൽ സൈബർ പൊലീസ്; കസ്റ്റഡിക്ക് നീക്കമോ?

ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കുമെതിരെ വിവാദപരവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിന്റെ കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി. തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക സൈബർ സെൽ സംഘമാണ് വീട്ടിലെത്തി തെളിവെടുപ്പും ചോദ്യംചെയ്യലുമടക്കമുള്ള നടപടികൾ സ്വീകരിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി സമരങ്ങളെയും പ്രതിഷേധക്കാരെയും അതിരൂക്ഷമായി അധിക്ഷേപിച്ചുകൊണ്ട് ടി.ജി. മോഹൻദാസ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചിരുന്നു. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കണമെന്നും, സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അശ്ലീലച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവങ്ങൾ വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ ശക്തമായ നിയമനടപടികൾ വൈകുന്നുവെന്ന് വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് സൈബർ സെൽ നേരിട്ടെത്തി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. കേസിൽ പ്രതിയായ ടി.ജി. മോഹൻദാസിനെ പോലീസ് ഉടൻ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.




