News

യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ കഞ്ചാവ് വെക്കാൻ നിർദേശം; ഹോട്ടൽ മുറിയിലെ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണം!

ഭോപാൽ: ഹോട്ടലിൽ മുറിയെടുത്ത യുവാവിനെയും യുവതിയെയും പിന്നാലെ തേടിയെത്തി പൊലീസ്. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ യുവാവിനെ കുടുക്കുന്നതിന് ബാഗിൽ ലഹരി വസ്തു വയ്‌ക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുകയും ചെയ്‌തു. പക്ഷെ യുവാവിനെ കുടുക്കാൻ ഹോട്ടൽ റിസപ്‌ഷനിൽ നിന്ന് പൊലീസുദ്യോഗസ്ഥൻ വിളിച്ചുപറഞ്ഞതെല്ലാം അവിടെയുള്ള സിസിടിവിയിൽ വ്യക്തമായി ലഭിച്ചു. സംഭവം പുറത്തറിഞ്ഞതോടെ ഉദ്യോഗസ്ഥൻ പിടിയിലായി. മദ്ധ്യപ്രദേശിലെ സിയോണി ജില്ലയിൽ ഇക്കഴിഞ്ഞ 13നായിരുന്നു സംഭവം.

അഡീഷണൽ പൊലീസ് സൂപ്രണ്ട് ദീപക് മിശ്രയാണ് കഞ്ചാവ് യുവാവിന്റെ ബാഗിൽ ഒളിപ്പിക്കാൻ നിർദ്ദേശിച്ച് വ്യാജലഹരികേസെടുക്കാൻ ശ്രമിച്ചതിന് പിടിയിലായത്. ഹോട്ടലിലെത്തിയ യുവാവിനോടും യുവതിയോടും പൊലീസ് ചോദ്യങ്ങൾ ചോദിക്കുന്നത് വീഡിയോയിൽ കാണാം.

ഇതിന് മറുപടിയായി തങ്ങൾ പ്രായപൂർത്തിയായവർ ആണെന്നും ഒരേ ജാതിയിൽ പെട്ടവരാണെന്നും വിവാഹിതരാകാൻ പോകുന്നുവെന്നും യുവതി മറുപടി പറഞ്ഞു. ആ സമയം വീട്ടുകാരെ ഫോണിൽ വിളിക്കാൻ ഫോണിന്റെ ലോക്ക് മാറ്റണമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഇതിന് യുവതി തയ്യാറായില്ല. ഇതോടെയാണ് ‘അവന്റെ ബാഗിൽ കഞ്ചാവെടുത്ത് വയ്‌ക്ക്’ എന്ന് പൊലീസുകാരോട് ദീപക് മിശ്ര പറഞ്ഞത്.

ഹോട്ടലിൽ മുറിയെടുത്തതിന് യുവാക്കളെ ദീപക് മിശ്ര ഉറക്കെ വഴക്കുപറയുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ സഞ്ജു സനോദിയയാണ് പുറത്തുവിട്ടത്. മാസം ഹോട്ടൽ നടത്തിക്കൊണ്ടുപോകാൻ 25,000 രൂപ കൈക്കൂലി പൊലീസ് ആവശ്യപ്പെട്ടിരുന്നെന്നും ഇല്ലെങ്കിൽ റെയ്‌ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സഞ്ജു പറഞ്ഞു. ഇതോടെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടേണ്ടി വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button