News

ജി. സുധാകരനെതിരെ സിപിഎം നീക്കം; മെഡിക്കൽ കോളേജ് നിയമന കോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി

ആലപ്പുഴ: ജി സുധാകരൻ എംഎൽഎയുടെ കോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി സിപിഎം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് നിയമനത്തിൽ കോഴവാങ്ങി എന്നായിരുന്നു സുധാകരന്റെ ആരോപണം. ഇതിനെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുൻ എംഎൽഎ എച്ച് സലാം ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതി നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജി സുധാകരനും സിപിഎമ്മും തമ്മിലെ പോര് തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ

ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിലായിരുന്ന സുധാകരൻ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞസർക്കാരിന്റെ കാലത്ത് രണ്ടുലക്ഷം രൂപ കോഴവാങ്ങി നൂറുപേരെ നിയമിച്ചെന്നായിരുന്നു ആരോപണം. ഇക്കാര്യം സുധാകരൻ ഉന്നയിച്ചതിന് പിന്നാലെ കോഴവാങ്ങിയെന്ന് ബോദ്ധ്യമുണ്ടെങ്കിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി അന്വേഷിപ്പിക്കാമോ എന്ന് എച്ച് സലാം സുധാകരനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.ഹരിപ്പാട് മെഡിക്കൽകോളേജ് ആരംഭിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെയും സുധാകരൻ നേരത്തേ രംഗത്തുവന്നിരുന്നു.

ഒരു ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളുടെ ആവശ്യം ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിലവിലുള്ള മെഡിക്കൽ കോളേജ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണെന്നും അത് നവീകരിക്കാൻ താൻ സമർപ്പിച്ച 14 പ്രൊപ്പോസലുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് 15 കിലോമീറ്റർ മാത്രം അകലെയുള്ള ഹരിപ്പാട്ട് പുതിയ കോളേജ് വരുന്നത് അനാവശ്യമാണെന്നും പ്രാദേശിക എംഎൽഎയുടെ ഭരണസ്വാധീനം ഉപയോഗിച്ചാണ് പദ്ധതി ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചതെന്നും സുധാകരൻ ആരോപിക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button