നേമം തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറി; ബിജെപിയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിനകത്ത് കടുത്ത വിമർശനങ്ങളും ആരോപണങ്ങളും ഉയരുന്നു. തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാൻ ചേർന്ന സിപിഎം ഏരിയ കമ്മിറ്റി യോഗത്തിലാണ് പാർട്ടിക്കുള്ളിലെ ചിലർ ബിജെപിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന ഗുരുതര ആരോപണം ഉയർന്നത്. പാർട്ടി തലത്തിൽ അന്വേഷണം നടത്തിയാൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും യോഗത്തിൽ പങ്കെടുത്ത ചില അംഗങ്ങൾ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
മുതിർന്ന നേതാവ് എം.വി. ജയരാജൻ പങ്കെടുത്ത യോഗത്തിലായിരുന്നു വിവാദ പരാമർശങ്ങൾ ഉണ്ടായത്. ആരോപണങ്ങൾ പാർട്ടി കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ 4978 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ബിജെപി മണ്ഡലം പിടിച്ചെടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.എസ്. ശബരിനാഥൻ മത്സരിച്ചിരുന്നു.
2016-ൽ ഒ. രാജഗോപാൽ നേമത്ത് വിജയിച്ചതിന് ശേഷം മണ്ഡലം സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക പോരാട്ടഭൂമിയായി മാറിയിരുന്നു. അന്നും വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണ് രാജഗോപാൽ നിയമസഭയിലെത്തിയത്.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്നിരിക്കുന്ന പുതിയ ആരോപണങ്ങൾ സിപിഎമ്മിനകത്തെ ഭിന്നതകൾ കൂടുതൽ തുറന്നുകാട്ടുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തോൽവിക്ക് കാരണമായവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ശക്തമായി ഉയരുന്നുണ്ട്. വിഷയത്തിൽ പാർട്ടി നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.



