സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയനെ ചോദ്യംചെയ്യാൻ ഇഡി നീക്കം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസിൽ അന്വേഷണം പ്രതിപക്ഷനേതാവ് പിണറായി വിജയനിലേയ്ക്ക്. കേസിൽ അദ്ദേഹത്തെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് ഇഡിയെന്നാണ് വിവരം. ഡൽഹിയിലെ ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് കൊച്ചി ഇഡി ഓഫീസ് നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് സൂചനയുള്ളത്.
ഏപ്രിൽ 17ന് സിഎംആർഎൽ എംഡി എസ്എൻ ശശിധരൻ കർത്ത ഇഡിയ്ക്ക് നൽകിയ മൊഴിയാണ് അന്വേഷണം പിണറായി വിജയനിലേയ്ക്ക് തിരിയാൻ കാരണമായത്. എക്സാലോജിക് ഡയറക്ടറായ വീണയ്ക്ക് പണം നൽകിയത് പിണറായിയുമായുള്ള വ്യക്തബന്ധത്തിന്റെ പേരിലായിരുന്നുവെന്നായിരുന്നു ശശിധരൻ കർത്തയുടെ മൊഴി. മാത്രമല്ല ഐടി കൺസൾട്ടൻസി സേനവങ്ങളുടെ പേരിൽ 2.78 കോടി രൂപ ലഭിച്ചത് സേവനങ്ങളാെന്നും നൽകാതെയായിരുന്നുവെന്ന് വീണയും ഇഡിയ്ക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇഡി പിണറായി വിജയനെ ചോദ്യംചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞയാഴ്ച ഇഡി സ്പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാർ കേസുകളുടെ അവലോകനത്തിനായി കൊച്ചിയിലെത്തിയപ്പോൾ പിണറായിയെ ചോദ്യംചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടന്നിരുന്നു. എന്നാൽ ഡയറക്ടർ രാഹുൽ നവീന്റെ അനുമതി വാങ്ങിയതിന് ശേഷം ചോദ്യംചെയ്യൽ മതിയെന്നായിരുന്നു ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.
നിലവിൽ ഇതിന് അനുമതി നൽകിയതായാണ് വിവരം.2014-15 കാലഘട്ടത്തിൽ നഷ്‌ടത്തിലായിരുന്ന എക്‌സാലോജിക് കമ്പനിക്ക്, 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷമാണ് സിഎംആർഎല്ലുമായി കരാറിലേർപ്പെടാൻ കഴിഞ്ഞതെന്നും ഇഡി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിന്റെ 242 അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. വീണയുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. എക്‌സാലോജിക് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല.



