News

പ്രതിഷേധ റാലിയ്ക്കിടെ തൃണമൂൽ-ബിജെപി സംഘർഷം: സ്വന്തം പ്രവർത്തകന്റെ മുഖത്തടിച്ച് മമത

കൊൽക്കത്ത: സ്വന്തം പാർട്ടിപ്രവർത്തകന്റെ മുഖത്തടിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. കൊൽക്കത്തയിൽ നടന്ന ടിഎംസിയുടെ പ്രതിഷേധ റാലിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മമത പ്രവർത്തകന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബാരൂയിപൂരിൽ പതിനൊന്നുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു തൃണമൂൽ കോൺഗ്രസ് റാലി.

പ്രതിഷേധമാർച്ച് മമത ബാനർജിയുടെ വീടിനടുത്ത് എത്തിയപ്പോൾ വൻ ജനക്കൂട്ടം തടിച്ചുകൂടി. ആളുകളെ നിയന്ത്രിക്കാൻ മമത തന്നെ നേരിട്ടിറങ്ങുകയും ഇതിനിടയിൽ സ്വന്തം പാർട്ടിയിലെ ഒരു പ്രവർത്തകന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. ജനക്കൂട്ടത്തെ ഒഴിവാക്കി മമതയ്ക്ക് പോകാൻ വഴിയൊരുക്കിയ പ്രവർത്തകനെയാണ് അവർ മർദിച്ചതെന്നാണ് സൂചന. അതേസമയം, ഹൈക്കോടതി അനുമതിയോടെ നടത്തിയ പ്രതിഷേധ മാർച്ചിനെ ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി.

സംഭവത്തിന് പിന്നാലെ കൊൽക്കത്ത പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മമത രംഗത്തെത്തി. പൊലീസ് ബിജെപി പ്രവർത്തകരെ പോലെയാണ് പെരുമാറുന്നതെന്നും അക്രമം നടക്കുമ്പോൾ അവർ കാഴ്ചക്കാരായിനിന്നെന്നും മമത ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സമിക് ഭട്ടാചാര്യ രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് ജനങ്ങളുടെ വിശ്വാസം തകർത്തുവെന്നും അക്രമാസക്തമായ രാഷ്ട്രീയ പാരമ്പര്യം തുടരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button