തുരങ്ക പാത നിർമ്മാണ സ്ഥലത്തെ അപകടത്തിൽ സമഗ്ര അന്വേഷണം നടത്തും, നിർമ്മാണം നിറുത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി

കല്പറ്റ: വയനാട് കള്ളാടിയിൽ തുരങ്ക പാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തസ്ഥലം സന്ദർശിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അപകടം ഉണ്ടായതെങ്ങനെ എന്നതിനെ കുറിച്ച് സാങ്കേതികവും നിയമപരവുമായ അന്വേഷണം നടത്തും. തുരങ്കപാതയ്ക്ക് കേന്ദ്രം പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ മുന്നോട്ടുവച്ച നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സൂക്ഷമ പരിശോധന നടത്തുമെന്നും അതിന് ശേഷം മാത്രമേ തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കൂ എന്നും വി.ഡി. സതീശൻ പറഞ്ഞു.
ദുരന്ത സ്ഥലത്തെ രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. എൻ.ഡി.ആർ,എഫിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെ 250 അംഗ ടീമും പൊലീസും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിറുത്താതെ പെയ്യുന്ന മഴ കാരണം തെരച്ചിൽ ദുഷ്കരമാണ്, കാണാതായ അഞ്ചുപേരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സംഘമുള്ളത്. കാണാതായവർ പുഴയിലൂടെ ഒഴുകിപ്പോവാനുള്ള സാദ്ധ്യതയും പരിശോധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്നും സമീപ പ്രദേശങ്ങളിലും അപകത സാദ്ധ്യതയുള്ള മറ്റ് മേഖലകളിൽ നിന്നും എല്ലാവരെയും മാറ്റിപ്പാർപ്പിക്കുന്നുണ്ട്. അപകടത്തിൽ മൂന്നുപേർ മരിച്ചു. അഞ്ച് പേരെ കാണാതായി. പത്ത് പേർ ചികിത്സ തേടി. മൂന്നു പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. മൂന്നുപേർ ഐ.സിയുവിലാണ്. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ചികിത്സ നടത്താനുള്ള ധനസഹായവും സർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു.




