മോദിയുടെ അത്താഴ വിരുന്ന് ഒഴിവാക്കി ചൈനീസ് പ്രസിഡന്റ്; ബ്രിക്സ് വേദിയിൽ ചർച്ചയായി ഷി ജിൻപിങ്ങിന്റെ മടക്കം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രതലവന്മാർക്കായി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ശനിയാഴ്ച രാത്രി ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന അത്താഴവിരുന്നിൽ ഷി ജിൻപിംഗിനൊപ്പം അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പങ്കെടുത്തില്ല.
ബ്രിക്സ് ഉച്ചകോടിയ്ക്ക് ശേഷം യുഎഇയിലേയ്ക്ക് മടങ്ങുമെന്ന് നേരത്തെ തന്നെ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അറിയിച്ചിരുന്നു. എന്നാൽ ഷി ജിൻപിംഗ് വിരുന്നിൽ പങ്കെടുക്കാതിരുന്നതിൽ ചൈനയോ ഇന്ത്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനീസ് പ്രസിഡന്റ് വിട്ടുനിന്നതിന്റെ യഥാർഥ കാരണം വ്യക്തമല്ലെങ്കിലും യാത്രയുടെയും ചർച്ചകളുടെയും ക്ഷീണം കാരണം അദ്ദേഹം വിശ്രമിക്കാനായി ഹോട്ടലിലേയ്ക്ക് മടങ്ങുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ശനിയാഴ്ച രാവിലെ ചൈനയിൽ നിന്ന് പുറപ്പെട്ട് ഉച്ചയോടെയാണ് ഷി ജിൻപിംഗ് ഡൽഹിയിലെത്തിയത്. അതിനാൽ വിശ്രമിക്കാൻ സമയം ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തിയിരുന്നു. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉൾപ്പെടെയുള്ള നേതാക്കൾ അത്താഴവിരുന്നിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമലാ സീതാരാമൻ, പീയുഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും ലോക്സഭാസ്പീക്കർ ഓം ബിർലയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിരുന്നിൽ പങ്കെടുത്തിരുന്നു.
അതേസമയം, പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും. അംഗരാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക സഹകരണം, പ്രാദേശിക കറൻസികളിലുള്ള ഇടപാടുകൾ, സാങ്കേതിക കൈമാറ്റം എന്നിവ കൂടുതൽ ശക്തമാക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളോടെയാണ് ഉച്ചകോടി അവസാനിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള കടുത്ത നിലപാടുകൾ മുതൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം, സാമ്പത്തികം എന്നിവയിലെ പുതിയ സഹകരണ സംവിധാനങ്ങൾ വരെ ഇന്ത്യയ്ക്ക് നിർണായകമായ നിരവധി നേട്ടങ്ങൾ പ്രഖ്യാപനത്തിലുണ്ട്.




