പുനർജനി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ്; കേസ് അവസാനിപ്പിക്കും

തിരുവനന്തപുരം: പുനർജനി പദ്ധതി ആരോപണത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കഴിഞ്ഞ സർക്കാർ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വിജിലൻസ് വകുപ്പ് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
പുനർജനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ ഉത്തരവിട്ട വിജിലൻസ് അന്വേഷണത്തിൽ വി ഡി സതീശനെതിരെ തെളിവുകളൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്‌ടർ റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വി ഡി സതീശന് ക്ളീൻ ചിറ്റ് നൽകിയിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ കുറ്റങ്ങളൊന്നും സതീശൻ ചെയ്തിട്ടില്ലെന്ന് തെളിയിക്കപ്പെട്ടുവെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
പുനര്‍ജനി പദ്ധതിക്കായി ഫണ്ട് പിരിവ് നടത്തിയതിലെ ക്രമക്കേട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവിന് പങ്കില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. 2025 സെപ്തംബറില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഡിഐജി കൈമാറിയ കത്തിലാണ് പരാമര്‍ശമുള്ളത്. വി ഡി സതീശന്റെ അക്കൗണ്ടിലേയ്ക്ക് പണം വന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്.വിദേശ സന്ദര്‍ശനത്തിനുശേഷം സതീശന്‍ വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്.
പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷനെന്ന സന്നദ്ധസംഘടനയാണ്. സതീശന്‍ ഫണ്ട് കൈകാര്യം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ഭരണം മാറിയതിന്റെ അടിസ്ഥാനത്തിലല്ല മുഖ്യമന്ത്രിക്ക് ക്ളീൻ ചിറ്റ് നൽകിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു അടിസ്ഥാനരഹിതമായ കാര്യങ്ങളായിരുന്നു ഉന്നയിക്കപ്പെട്ടത്. വിജിലൻസ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ആഭ്യന്തരമന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.



