News

അരിക്കൊമ്പൻ മാതൃകയിൽ ചക്കക്കൊമ്പനും; മയക്കുവെടിവച്ച് പിടികൂടി മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ആനയെ പിടികൂടാൻ വനംവകുപ്പ്. കഴിഞ്ഞദിവസമാണ് ഇടുക്കി പന്നിയാർ പന്തടികളം സ്വദേശി വിജയൻ (47) ചക്കക്കൊമ്പന്റെ ആക്രമണത്തിൽ മരിച്ചത്. പണിസ്ഥലത്തെ ഷെഡിൽ നിന്ന് രാവിലെ വീട്ടിലേക്ക് വരുംവഴി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. മയക്കുവെടിവച്ച് ചക്കക്കൊമ്പൻ എന്ന കാട്ടാനയെയും മുറിവാലൻ എന്ന പിടിയാനെയെയും പിടികൂടി മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം.

ചക്കക്കൊമ്പൻ നാലുപേരെയും മുറിവാലൻ മൂന്നുപേരെയും കൊന്നിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. ഈ ദൗത്യത്തിനായി ആനകളെ നിരീക്ഷിക്കണം. ഇതിനായി ദേവികുളം റേഞ്ച് ഓഫീസർ അരുൺ കുമാറിന്റെ നേതൃത്വത്തിൽ ഒരു ഏഴംഗ സംഘത്തെ നിയോഗിക്കും. ഈ സംഘത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരും ഉണ്ടാകും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ട് മാസത്തോളം സമയമെടുക്കും. ഇതിന്റെ ആദ്യപടിയായി പരിശീലനം ലഭിച്ച കുങ്കിയാനകളെ ഉടൻ തന്നെ പ്രദേശത്ത് എത്തിക്കാൻ തീരുമാനമായിട്ടുണ്ട്. ആനകളെ മയക്കുവെടി വെക്കേണ്ട സ്ഥലം ഉൾപ്പെടെ നിർണയിക്കാനുമുള്ള തയ്യാറെടുപ്പുകളും ഉടൻ ആരംഭിക്കും.2023 ഏപ്രിൽ 29ന് ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പൻ എന്ന കാട്ടാനയെ കാടുകടത്തിയിരുന്നു. ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടി താപ്പാനകളുടെ സഹായത്തോടെ ആദ്യം പെരിയാർ ടൈഗർ റിസർവിലേക്കും അവിടെ നിന്ന് തിരുനെൽവേലി മുണ്ടെൻതുറൈ വന്യജീവി സങ്കേതത്തിലേക്കുമാണ് അരിക്കൊമ്പനെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button