News

ചെങ്കോട്ടയിൽ ബോംബ് ഭീഷണി; കോൾ എത്തിയത് മുംബയ് പൊലീസിന്

ന്യൂഡൽഹി: ചെങ്കോട്ടയിൽ ബോംബ് ഭീഷണി, തുടർന്ന് പ്രദേശത്ത് പരിശോധനയും സുരക്ഷയും കർശനമാക്കി. ഇന്നലെ മുംബയ് പൊലീസ് കൺട്രോൾ റൂമിലെ ഫോൺ നമ്പറിലേക്കാണ് ഭീഷണി കോൾ എത്തിയത്. തുടർന്ന് മുംബയ് പൊലീസ് ഡൽഹി പൊലീസിനെ വിവരമറിയിക്കുകയും അവിടെനിന്ന് നോർത്ത് ജില്ലാ പൊലീസിലേയ്ക്ക് വിവരം കൈമാറുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

ചെങ്കോട്ടയ്ക്ക് സമീപം 15 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന് എട്ടുമാസത്തിനുശേഷമാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്. 2025 നവംബർ പത്തിന് വൈകിട്ട് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഐ.ഇ.ഡി സ്‌ഫോടനമാണുണ്ടായത്. കാറോടിച്ചിരുന്നത് പുൽവാമ സ്വദേശി 34കാരനായ ഡോ. ഉമർ നബിയായിരുന്നു.

ഭീകര സംഘത്തിലെ രണ്ട് പ്രധാന അംഗങ്ങളായ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ആദിൽ റാത്തർ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തതിനെത്തുടർന്ന് ഉമർ പരിഭ്രാന്തനാകുകയും സ്ഫോടനം നടത്തുകയും ചെയ്തതായാണ് കണ്ടെത്തൽ. അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട ഭീകര സംഘടനയായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദുമായി ബന്ധമുള്ള ‘വൈറ്റ് കോളർ’ ഭീകര സംഘടനയിലെ അംഗങ്ങളായിരുന്നു പ്രതികൾ. പാകിസ്ഥാന്റെ ഐസിസുമായി ബന്ധമുള്ള ഒൻപത് പ്രതികളും കേസിൽ അറസ്റ്റിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button