News

ലോകകപ്പ് ഫൈനൽ കാണാൻ പോയാൽ പോക്കറ്റും കാലിയാകും; സ്റ്റേഡിയത്തിലെ ഭക്ഷണവില ഞെട്ടിക്കും

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പ് 2026-ന്റെ ഫൈനൽ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് പോകുന്ന ആരാധകർ ഭക്ഷണത്തിനും പാനീയങ്ങൾക്കുമായി ചിലവഴിക്കേണ്ടി വരുന്നത് വൻ തുകയാണ്. ഫൈനൽ മത്സരം നടക്കുന്ന ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ സാധാരണക്കാരുടെ ഇഷ്ട വിഭവങ്ങളടങ്ങിയ ഒരു ഹോട്ട് ഡോഗ്, ഫ്രഞ്ച് ഫ്രൈസ്, ഒരു ബിയർ എന്നിവ അടങ്ങുന്ന കോമ്പോയ്ക്ക് മാത്രം ഏകദേശം 3,128 രൂപ ($32.5) നൽകേണ്ടി വരുമെന്ന് ‘ദി അത്ലറ്റിക്’ റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ സമയം നീണ്ടുനിൽക്കുന്ന ഹാഫ്- ടൈം ഷോ, ട്രോഫി വിതരണം, മത്സരശേഷമുള്ള ആഘോഷങ്ങൾ എന്നിവയുള്ളതിനാൽ ആരാധകർക്ക് മണിക്കൂറുകളോളം സ്റ്റേഡിയത്തിനുള്ളിൽ തുടരേണ്ടി വരും. അതുകൊണ്ട് തന്നെ സ്റ്റേഡിയത്തിലെ ഭക്ഷണശാലകളെ ആശ്രയിക്കാതെ ആരാധകർക്ക് മുന്നോട്ട് പോകാനാകില്ല.

ദി അത്ലറ്റിക് പുറത്തു വിട്ട റിപ്പോ‍‍‌ർട്ടുകൾ അനുസരിച്ച് സ്റ്റേഡിയത്തിനുള്ളിൽ ലഭ്യമാകുന്ന പ്രധാന ഭക്ഷണ സാധനങ്ങളുടെ വില നോക്കാം.

ചിക്കൻ ടെൻഡേഴ്സ് കോമ്പോ: 4 ചിക്കൻ ടെൻഡേഴ്സ്, ഫ്രൈസ്, സോഫ്റ്റ് ഡ്രിങ്ക് എന്നിവയടങ്ങുന്ന കോമ്പോയ്ക്ക് $19 (ഏകദേശം 1,829 രൂപ). ചിക്കൻ ടെൻഡേഴ്സ് മാത്രം വാങ്ങിയാൽ 1,251 മുതൽ 1,444 രൂപ വരെയാകും.

സാൻഡ്‌വിച്ചുകൾ: ഡെലി സാൻഡ്‌വിച്ചിന് 1,540 രൂപയും ($16), ഹോട്ട് & സ്വീറ്റ് സോസേജ് സാൻഡ്‌വിച്ചുകൾക്ക് 1,348 രൂപ ($14) വീതവുമാണ് വില. ടർക്കി സാൻഡ്‌വിച്ചിന് 674 രൂപ ($7) നൽകണം.

ഹോട്ട് ഡോഗ്: സ്റ്റേഡിയത്തിലെ സാധാരണ ഹോട്ട് ഡോഗിന് 818 രൂപയാണ് ($8.50) വില.

പിസ്സ & ഫ്രൈസ്: ചീസ് പിസ്സയ്ക്ക് 1,059 രൂപയും ($11) പെപ്പറോണി പിസ്സയ്ക്ക് 1,155 രൂപയുമാണ് ($12). ഫ്രഞ്ച് ഫ്രൈസിന് 770 രൂപയും ($8) ചീസ് ഫ്രൈസിന് 866 രൂപയുമാണ് ($9).

വെള്ളം മുതൽ വൈൻ വരെയുള്ളവയുടെ വില

സ്റ്റേഡിയത്തിനുള്ളിൽ കുടിവെള്ളത്തിനും മദ്യത്തിനും ഈടാക്കുന്നത് വൻ തുകയാണ്.

വെള്ളവും സോഫ്റ്റ് ഡ്രിങ്കും: ഒരു കുപ്പി കുടിവെള്ളത്തിന് 481 രൂപയും ($5) കൊക്കകോള, സ്പ്രൈറ്റ്, ഫാന്റ തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾക്ക് 577 രൂപയുമാണ് ($6) വില. പവർ എയ്ഡ് സ്പോർട്സ് ഡ്രിങ്കിന് 674 രൂപയാകും ($7).

ബിയറും കോക്‌ടെയിലും: ഡൊമസ്റ്റിക് ബിയറിന് (16 ഔൺസ്) 1,540 രൂപയും ($16), ഇംപോർട്ടഡ്/ക്രാഫ്റ്റ് ബിയറിന് 1,636 രൂപയുമാണ് ($17) വില. മിക്സഡ് കോക്‌ടെയിലുകൾക്ക് 1,636 രൂപയും ക്യാൻഡ് കോക്‌ടെയിലുകൾക്ക് 1,829 രൂപയുമാണ് ($19). ഒരു ഗ്ലാസ് വൈൻ ലഭിക്കാൻ 1,444 രൂപ ($15) ചിലവാക്കണം.

എന്തുകൊണ്ടാണ് ഈ വില വ്യത്യാസം?

വില ഇത്രയധികം കൂടുതലാണെങ്കിലും, ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന മറ്റ് 15 സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വില കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടെ ബിയറിന് വിലയുണ്ടെങ്കിലും കുപ്പിവെള്ളത്തിനും സോഫ്റ്റ് ഡ്രിങ്കുകൾക്കും മറ്റ് സ്റ്റേഡിയങ്ങളേക്കാൾ വില കുറവാണ്. ലോകകപ്പിനായി ഫിഫ പൊതുവായ ഒരു വിലനിലവാരം നിശ്ചയിച്ചിട്ടില്ല. പകരം, ഓരോ സ്റ്റേഡിയത്തിനും അവരുടെ നിലവിലുള്ള കൺസെഷൻ ഓപ്പറേറ്റർമാരുമായി ചേർന്ന് സ്വന്തം വില നിശ്ചയിക്കാനുള്ള അനുവാദം ഫിഫ നൽകിയതാണ് സ്റ്റേഡിയങ്ങൾ തോറും വില മാറാൻ കാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button