മെസിയുടെ പേരിൽ പത്തുകോടിയുടെ തട്ടിപ്പുനീക്കം? സ്റ്റേഡിയം നവീകരണത്തിന് പണം ആവശ്യപ്പെട്ട് കത്ത്; അബ്ദുറഹ്മാനെതിരെ രേഖകൾ പുറത്ത്

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പുകേസിൽ മറ്റൊരു രേഖ കൂടി പുറത്ത്. മത്സരവേദിയായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി പത്ത് കോടി രൂപ ആവശ്യപ്പെട്ട് അന്നത്തെ കായിക മന്ത്രി വി അബ്ദുറഹ്മാൻ അന്നത്തെ ധനമന്ത്രി കെ എൻ ബാലഗോപാലിന് കത്തയച്ചതിന്റെ രേഖകളാണ് പുറത്തുവന്നത്. സ്റ്റേഡിയം നവീകരിക്കുന്നതിന്റെ മുഴുവൻ ചെലവും സ്പോൺസർ വഹിക്കണമെന്നായിരുന്നു കരാർ. ഇത് നിലനിൽക്കേയാണ് മുൻ കായികമന്ത്രി ധനവകുപ്പിന് കത്ത് നൽകിയത്.
2025 സെപ്തംബർ 26ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണച്ചുമതല സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് (ആർബിസി) കൈമാറിയിരുന്നു. ആർബിസി ചുമതല ഏറ്റെടുത്ത് പത്ത് ദിവസത്തിന് ശേഷമായിരുന്നു മന്ത്രി കത്ത് നൽകിയത്. കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ വഴി നവീകരണ പ്രവൃത്തികൾ നടത്തുന്നുവെന്ന പേരിലാണ് പണം ആവശ്യപ്പെട്ടത്.
തുടർന്ന് കായിക വകുപ്പിന്റെ അക്കൗണ്ടിലേയ്ക്ക് തുക അനുവദിച്ച് ധനമന്ത്രി ഫയലിൽ ഒപ്പുവച്ചു. എന്നാൽ ഇതിന് പിന്നാലെ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഫണ്ട് കൈമാറ്റം നടന്നില്ല.കലൂർ സ്റ്റേഡിയം 70 കോടി രൂപ ചെലവിട്ട് സ്വന്തം നിലയ്ക്കാണ് നവീകരിച്ചതെന്നാണ് ആർബിസി ഉടമ ആന്റോ അഗസ്റ്റിൻ അവകാശപ്പെടുന്നത്. എന്നാൽ 8.42 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ മാത്രമാണ് നടന്നതെന്നാണ് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി (ജിസിഡിഎ) എഞ്ചിനീയറിംഗ് വിഭാഗം വ്യക്തമാക്കുന്നത്.




