’50 വർഷത്തെ പൊതുജീവിതം കളങ്കപ്പെടുത്താൻ ശ്രമം’; മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനയായി പി.കെ. ശ്രീമതി

കണ്ണൂർ: തനിക്കെതിരെ ചില ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകളും പത്രങ്ങളും വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചു പി.കെ. ശ്രീമതി മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. പി.ആർ. കൃഷ്ണൻ എന്ന എംഎൽഎയുടെ ഭാര്യയെന്ന വ്യാജേന കുടുംബ പെൻഷൻ വാങ്ങുന്നു എന്ന തരത്തിലുള്ള പ്രചാരണം തീർത്തും അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് അവർ വ്യക്തമാക്കി. വസ്തുതകൾ അന്വേഷിക്കാതെ തന്നെ അപമാനിക്കാൻ ബോധപൂർവ്വം നടത്തിയ പ്രചാരണമാണിതെന്നും അവർ പറഞ്ഞു. 50 കൊല്ലമായി താൻ ഈ സമൂഹത്തിലുണ്ട്. ഇത്തരം വാർത്തകൾ കൊടുക്കും മുമ്പ് ഇതിൽ വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്ക് ചോദിച്ചിട്ടില്ലെന്നും ശ്രീമതി പറഞ്ഞു.
ഇതിനെതിരെ കേസ് കൊടുക്കാൻ ആവശ്യമായ തെളിവുകൾ രണ്ട് ദിവസം മുമ്പ് തന്നെ ശേഖരിച്ച് അഭിഭാഷകനെ ഏൽപ്പിച്ചിട്ടുണ്ട്. ഒരു പൊതുപ്രവർത്തകയ്ക്ക് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. പലപ്പോഴും എനിക്കെതിരെ ഇത്തരം തെറ്റായ വാർത്തകൾ ഉണ്ടായിട്ടുണ്ടെന്നും ശ്രീമതി കൂട്ടിച്ചേർത്തു.



