News

തൃഷയുടെ പേരിലുള്ള സംഘടനയ്ക്കെതിരെ അണ്ണാമലൈ; സിനിമാതാരങ്ങളെ നേതാക്കളായി ആഘോഷിക്കുന്നത് ശരിയല്ലെന്ന് വിമർശനം

ചെന്നൈ: നടി തൃഷയുടെ പേരിൽ തിരുനെൽവേലിയിൽ പുതിയ സംഘടന രൂപീകരിച്ചതിൽ വിമർശനവുമായി മുൻ ബിജെപി നേതാവ് കെ.അണ്ണാമലൈ. തൃഷയുടെ പേരിൽ ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ (ഇളയ വിപ്ലവ നായിക)​ എന്ന സംഘടനയാണ് ആരംഭിച്ചത്. സിനിമാതാരങ്ങളെ നേതാക്കളായി ആഘോഷിക്കുന്ന പ്രവണത നല്ലതല്ലെന്നായിരുന്നു അണ്ണാമലൈയുടെ വിമർശനം. ചെന്നൈയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിൽ ധാരാളം വിദ്യാസമ്പന്നരുണ്ട്. ഡോക്‌ടർമാർ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ളവർ സമൂഹത്തിന് സംഭാവന നൽകുമ്പോൾ സിനിമാതാരങ്ങളെ നേതാക്കളായി ആഘോഷിക്കുന്ന പ്രവണത നല്ലതല്ല. തമിഴ്‌നാട്ടിൽ ഈ സംസ്‌കാരം സൃഷ്ടിച്ചതിൽ ഡിഎംകെ ആത്മപരിശോധന നടത്തണമെന്നും അണ്ണാമലൈ വിമർശിച്ചു.

മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കുശേഷം ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തി തൃഷയാണെന്നാണ് ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ സംഘടനയുടെ ഭാരവാഹികൾ പറയുന്നത്. സംഘടനയുടെ ലക്ഷ്യം പദവികളല്ലെന്നും തമിഴ് ജനതയുടെ അവകാശം നേടിയെടുക്കലാണെന്നും സംഘടനയുടെ കോ-ഓർഡിനേറ്റർ രാജഗോപാൽ പറഞ്ഞു. സംഘടനയുടെ പേരും ലോഗോയും കഴിഞ്ഞദിവസം പുറത്തിറക്കി.

എന്നാൽ വിഷയത്തിൽ തൃഷ പ്രതികരിച്ചിട്ടില്ല. നേരത്തെ തൃഷ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന തരത്തിൽ തമിഴ്നാട്ടിൽ പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 2004ൽ നൽകിയ ഒരഭിമുഖത്തിൽ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായാൽ കൊള്ളാമെന്ന തരത്തിൽ നടി ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ തൃഷ രാഷ്ട്രീയത്തിലിറങ്ങുമെന്ന വാർത്തകളും പ്രചരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button