News

ട്വന്റി20 വിട്ട് അഖിൽ മാരാർ; സാബു ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്

കൊച്ചി: സംവിധായകൻ അഖിൽ മാരാർ ട്വന്റി 20വിട്ടു. പാർട്ടിയിൽ പ്രവർത്തനസ്വാതന്ത്ര്യമില്ലെന്നും സഹകരിച്ചുപോകാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് അഖിൽ പാർട്ടിവിടുന്നത്. പാർട്ടിയുടെ ചീഫ് കോർഡിനെറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷവിമർശനവും അഖിൽ ഉന്നയിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അഖിൽ മാരാർ ട്വന്റി 20യുമായി സഹകരിച്ചുതുടങ്ങിയത്. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

കൊട്ടാരക്കരയിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന എന്നെ സാബു ജേക്കബ് ചതിച്ചു. പ്രചാരണം തുടങ്ങിയശേഷമാണ് അവിടെ എൻഡിഎ സ്ഥാനാർത്ഥിയായി രശ്മി വരുന്നത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞു. തൃക്കാക്കരയിൽ മത്സരിക്കണമെന്നത് താൻ ഒരാളോടും പറഞ്ഞിട്ടില്ല. പാർട്ടിക്കാർ ഉണ്ടെന്നൊക്കെ പറഞ്ഞ് ചെന്നപ്പോൾ ആകെ രണ്ടുപേർ മാത്രമാണ് അവിടെ പ്രചാരണത്തിൽ മുഴുവൻ സമയവും എന്നോടൊപ്പമുണ്ടായിരുന്നത്.

ഇലക്ഷന് അങ്ങോട്ട് സാബുജേക്കബ് തിരിഞ്ഞുനോക്കിയില്ല. തിരഞ്ഞെടുപ്പിനുശേഷം സാബു ജേക്കബിനെ വിളിച്ചാൽപ്പോലും ഫോൺ എടുക്കാറില്ല. ട്വന്റി 20 സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മാത്രമുള്ള പാർട്ടിയാണ്. സാബുവുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളുണ്ട്.ഇരുപതുലക്ഷം രൂപകൊടുത്ത് ഞാൻ ആശിച്ചുവാങ്ങിയ ബൈക്ക് വിറ്റാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പണം കണ്ടെത്തിയത്.

ബിജെപി നൽകിയ പണംപോലും ഉപയോഗിച്ചില്ല. ഇലക്ഷൻ കഴിഞ്ഞപ്പോൾ കൊല്ലം ജില്ലാ പ്രസിഡന്റാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ടരമാസമായി ഒരു മറുപടിയും ഇല്ല. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ പറയുമ്പോഴും ഒന്നും മിണ്ടുന്നില്ല. നേരിട്ട ദുരനുഭവങ്ങൾ അഞ്ജലി എന്നോട് പറഞ്ഞിട്ടുണ്ട്. ഏറ്റുമാനൂരിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്- അഖിൽ മാരാർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button