പിഎം ശ്രീ പദ്ധതിയിൽ സർക്കാരിനെ പരിഹസിച്ച് എ.കെ. ബാലൻ

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത പരിഹാസവുമായി സി.പി.ഐ.എം നേതാവ് എ.കെ. ബാലൻ. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നാണ് കെ.എം. ഷാജി പറഞ്ഞതെന്നും എന്നാൽ തങ്ങൾ ഇപ്പോൾ അറബിക്കടലിൽ വലവീശി നോക്കിയിട്ട് അതിന്റെ ഒരു തുമ്പുപോലും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ് സർക്കാരിന് യാതൊരു ബാധ്യതയുമില്ലെന്നും, ബാധ്യതയുണ്ടെന്ന് സർക്കാർ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും എ.കെ. ബാലൻ ആരോപിച്ചു. എൽ.ഡി.എഫ് സർക്കാർ നേരത്തെ മരവിപ്പിച്ച പദ്ധതിയാണിത്. ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം ഒരു പദ്ധതിയും അന്തിമമാകില്ലെന്നും അത് തുടക്കം മാത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഘടകകക്ഷിയായ സി.പി.ഐ പദ്ധതിയുടെ ഭവിഷ്യത്തുകളെക്കുറിച്ച് തുറന്നുപറഞ്ഞപ്പോഴാണ് തങ്ങൾ അത് നിർത്തിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനെ നിയമിച്ചതായി അദ്ദേഹം ആരോപിച്ചു.
സർക്കാരിൽ ജമാഅത്തെ ഇസ്‌ലാമിയും ആർ.എസ്.എസും ഒരുപോലെ പിടിമുറുക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല നിലവിൽ ആർ.എസ്.എസിന് കീഴ്‌പ്പെട്ടിരിക്കുകയാണെന്നും എ.കെ. ബാലൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും എ.കെ. ബാലൻ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധിക്ക് ഉള്ളിൽ സവർണ്ണ-ജാതി ബോധമാണുള്ളത്. അതുകൊണ്ടാണ് പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന് അദ്ദേഹം പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് യാതൊരു കുഴപ്പവുമില്ല. എന്നാൽ പിണറായിയെ കെട്ടിപ്പിടിക്കാൻ മടിക്കുന്നത് രാഹുലിന്റെ മനസ്സിന്റെ ഉള്ളിലുള്ള ജാതിബോധം കൊണ്ടാണെന്നും എകെ ബാലൻ വിമർശിച്ചു.




