മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട്; മുഖ്യമന്ത്രി തലത്തിൽ ചർച്ചയ്ക്ക് നീക്കം

കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. വിഷയത്തിൽ തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും. മുഖ്യമന്ത്രി തലത്തിലെ ചർച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.
സുപ്രീംകോടതി നിർദേശപ്രകാരമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ 142 അടി വെള്ളം നിലനിർത്തുന്നത്. ഇതിൽ മാറ്റം വരുത്താൻ കേരളത്തിനോ തമിഴ്നാടിനോ അധികാരമില്ല. രണ്ട് സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ നിലപാട് സുപ്രീംകോടതി സ്വീകരിക്കണമെന്നാണ് കേരളത്തിന്റെ അഭിപ്രായം. പുതിയ ഡാം വേണമെന്നുള്ളത് തന്നെയാണ് കേരളത്തിന്റെ നിലപാട്. അതിൽ യാതൊരു മാറ്റവുമില്ല’ – മോൻസ് ജോസഫ് പറഞ്ഞു.ഇന്നലെ അവതരിപ്പിച്ച വിജയ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചത്.
നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. തമിഴ്നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കും. അന്തർസംസ്ഥാന നദീജല പങ്കുവയ്ക്കലിൽ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ പൂർണമായും സംരക്ഷിക്കും. ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കും എന്നിങ്ങനെയായിരുന്നു തമിഴ്നാട് സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനം.



