“‘പരാജയപ്പെട്ട പ്രധാനമന്ത്രി’; മോദിക്കെതിരെ കെജ്രിവാളിന്റെ രൂക്ഷ വിമർശനം”

ദില്ലിയിൽ കോക്റോച്ച് ജനത പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെ സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ ദില്ലി പോലീസ് നടത്തിയ അതിക്രമങ്ങൾക്കെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്ത്. പരീക്ഷാ സംവിധാനത്തിലെ പാളിച്ചകൾക്കും തുടർച്ചയായ ചോദ്യപ്പേപ്പർ ചോർച്ചയ്ക്കുമെതിരെ പ്രതിഷേധിച്ച നിരായുധരായ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അമിതമായി ബലം പ്രയോഗിക്കുകയും അതിക്രൂരമായി ലാത്തിച്ചാർജ് നടത്തുകയും ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജന്തർ മന്തറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെജ്രിവാൾ കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്.
മോദി സർക്കാർ കുട്ടികളെ അതിക്രൂരമായാണ് നേരിട്ടതെന്ന് ചൂണ്ടിക്കാണിച്ച കെജ്രിവാൾ, അവരുടെ കൈയിൽ ആയുധങ്ങളോ വടിയോ കല്ലോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അവർ തികച്ചും സമാധാനപരമായി പാർലമെന്റിലേക്ക് മാർച്ച് ചെയ്യുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. എന്നാൽ അവരെ മൃഗീയമായി ലാത്തിച്ചാർജ് ചെയ്ത് തല്ലിച്ചതക്കുകയാണ് ഉണ്ടായത്. പല കുട്ടികളുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചിലരുടെ കൈകാലുകൾ ഒടിയുകയും ചെയ്തു. ചോദ്യപ്പേപ്പർ ചോർച്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരൊറ്റ കാര്യം മാത്രമാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. എന്നാൽ ഒരു പരീക്ഷ പോലും നേരാംവണ്ണം നടത്താൻ കഴിയാത്ത പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് മോദിയെന്നും, എല്ലാ വർഷവും ചോദ്യപ്പേപ്പർ ചോരുമ്പോൾ ഇതിനെതിരെ ശബ്ദിക്കുന്ന വിദ്യാർത്ഥികളെ ലാത്തി കൊണ്ടടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
“മോദിജിക്ക് സ്വന്തമായി കുട്ടികളില്ല, അതുകൊണ്ട് ഈ വേദന അദ്ദേഹത്തിന് അറിയില്ല. വിദ്യാർത്ഥികളെല്ലാം നമ്മുടെ മക്കളാണ്. അവരെയിങ്ങനെ തല്ലിച്ചതക്കുന്നത് ശരിയല്ല. മോദിജിക്ക് അങ്ങേയറ്റം അഹങ്കാരമാണ്, അത്തരം അഹങ്കാരം നല്ലതല്ല,” എന്ന് കെജ്രിവാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സമരത്തിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾക്കെതിരെ വ്യാജ എഫ്ഐആറുകളും കള്ളക്കേസുകളും രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ചില കുട്ടികൾ എവിടെയാണെന്ന് മാതാപിതാക്കൾക്ക് പോലും അറിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പരിഹരിക്കുന്നതിനായി തങ്ങൾ ഒരു ഹെൽപ്പ്ലൈൻ ആരംഭിക്കുകയും, അതിൽ വരുന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നേരിട്ട് പോലീസ് സ്റ്റേഷനുകളിൽ പോയി ഏകദേശം 70 മുതൽ 80 വരെ കുട്ടികളെ മോചിപ്പിക്കാൻ തയ്യാറായതായും കെജ്രിവാൾ കൂട്ടിച്ചേർത്തു.




