മണ്ഡല പുനർനിർണയ ബിൽ പാസാക്കുമെന്ന് കേന്ദ്രം; 371 വോട്ട് ലഭിക്കുമെന്ന് സർക്കാരിന്റെ കണക്കുകൂട്ടൽ

ന്യൂഡൽഹി : നാളെ തുടങ്ങുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന മണ്ഡല പുനർനിർണയ ബിൽ പാസാകുമെന്ന ആത്മവിശ്വാസവുമായി കേന്ദ്ര സർക്കാർ. ബിൽ പാസാകാനുള്ള ഭൂരിപക്ഷം സർക്കാരിനുണ്ടെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. നിലവിലെ സാഹചര്യത്തിൽ എട്ടുവോട്ടുകളെങ്കിലും അധികം ലഭിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 18 വോട്ടുകളെങ്കിലും അധികം ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
ഡീലിമിറ്റേഷൻ കമ്മിഷൻ സുതാര്യമല്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ കേന്ദ്രം തള്ളിക്കളഞ്ഞു. ഡീലിമിറ്റേഷൻ കമ്മിഷൻ അംഗങ്ങളിൽ സുപ്രിംകോടതി ജഡ്‌ജിയായിരിക്കും ചെയർമാൻ. കൂടാതെ ചീഫ് ഇലക്ഷൻ കമ്മിഷണർ, സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫീസർമാർ, അഞ്ച് എം.പിമാർ,അതത് സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് എം.എൽ.എമാർ എന്നിവരാണ് ഉണ്ടാകുക. അദ്ധ്യക്ഷന് പുറമേ 12 അംഗങ്ങൾ ഉൾപ്പെടുന്ന ഇത്തരമൊരു സംവിധാനം സുതാര്യമല്ലെന്ന് എങ്ങന പറയാൻ കഴിയും എന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചോദിച്ചു.




