News

‘ഇന്ത്യൻ റെയിൽവേയുടെ സഞ്ചരിക്കുന്ന റെസ്റ്ററന്റ്’; വന്ദേഭാരതിലെ ഭക്ഷണത്തിന് യാത്രക്കാരുടെ പ്രശംസ

വേഗതയും ആധുനിക സൗകര്യങ്ങളും കൊണ്ട് ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റിയ വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ഇനി യാത്രയുടെ ആവേശത്തിനൊപ്പം വിഭവസമൃദ്ധമായ രുചി മേളവും.

ഹൗറയിൽനിന്ന് ന്യൂ ജൽപായ്‌ഗുരിയിലേക്ക് വന്ദേ ഭാരതിൽ യാത്ര ചെയ്‌ത ഒരു ബംഗാളി കുടുംബത്തിന് ലഭിച്ചത് അത്തരമൊരു വേറിട്ട അനുഭവമാണ്. യാത്രയ്‌ക്കിടെ ലഭിച്ച ഭക്ഷണവിഭവങ്ങളുടെ നീണ്ട നിര കണ്ട് ട്രെയിനിന് കുടുംബം രസകരമായി നൽകിയ പേരാണ് ‘ഖായേഗ ഭാരത് എക്‌സ്‌പ്രസ്’ (ഭക്ഷണപ്രേമികളുടെ ഭാരത് എക്‌സ്‌പ്രസ്).യാത്രയ്‌ക്കിടെ ലഭിച്ച ഭക്ഷണവിഭവങ്ങളുടെ ദൃശ്യങ്ങൾ കുടുംബം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.

ട്രെയിൻ യാത്രയെക്കാൾ ഉപരിയായി ഒരു ‘സഞ്ചരിക്കുന്ന റെസ്റ്ററന്റിൽ’ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അനുഭവമായിരുന്നു ഇതെന്ന് യാത്രികൻ അഭിപ്രായപ്പെട്ടു. പുലർച്ചെ 5.55ന് ഹൗറയിൽനിന്ന് വന്ദേ ഭാരത് യാത്ര ആരംഭിച്ചു. ഒരു നിമിഷംപോലും വൈകാതെയാണ് ട്രെയിൻ പുറപ്പെട്ടതെന്നും യാത്രികൻ പറഞ്ഞു. യാത്ര ആരംഭിച്ച് അധികം വൈകാതെതന്നെ ചൂട് ചായയും ബിസ്കറ്റും ലഭിച്ചു.പ്രഭാത ഭക്ഷണമായി ബ്രെഡ് ഓംലെറ്റ്, പൊട്ടറ്റോ ബെഡ്‌ജസ്, വെജിറ്റബിൾ കറികൾ എന്നിവയാണ് നൽകിയത്. കൂടെ വെണ്ണയും ജാമും ഉണ്ടായിരുന്നു.

ചായയ്‌ക്ക് പിന്നാലെ കാപ്പിയും യാത്രക്കാർക്ക് ലഭിച്ചു. ഭക്ഷണത്തിനൊപ്പം ട്രെയിനിന്റെ കൃത്യനിഷ്‌ഠതയും പ്രശംസ പിടിച്ചുപറ്റി. വൃത്തിയുള്ള ശുചിമുറികളും മികച്ച സേവനവും യാത്രയെ കൂടുതൽ മനോഹരമാക്കിയെന്നും യാത്രക്കാർ പറഞ്ഞു.ഉച്ചഭക്ഷണത്തിനായി ചോറ്, പരിപ്പ് കറി, പറാത്ത, ചിക്കൻകറി എന്നിവയും ലഭിച്ചു. ഭക്ഷണം അവസാനിച്ചെന്ന് കരുതിയപ്പോഴാണ് മധുരപലഹാരങ്ങളായ മിഷ്‌ടി ദോയും ഐസ്‌ക്രീമും എത്തിയത്. ഇതോടെയാണ് വന്ദേഭാരത് യാത്രയിലെ ഭക്ഷണവിരുന്ന് പൂർണമായത്. കുടുംബം പങ്കുവച്ച വീ‌ഡിയോ ഇതിനോടകം പത്തുലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. നിരവധിപേരാണ് വന്ദേഭാരതിലെ ഭക്ഷണസേവനത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button