News

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയില്ല; മണ്ഡല പുനർനിർണയത്തിന് പിന്തുണ തേടി ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: ലോക്‌സഭാ മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി രാജ്യത്തെ ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് പിന്തുണയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. നിർദിഷ്ട പദ്ധതി നടപ്പായാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ നിലവിലെ പ്രാതിനിധ്യ വിഹിതം കുറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കൊപ്പം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നായിഡു നിലപാട് വ്യക്തമാക്കിയത്. മണ്ഡല പുനർനിർണയ ബില്ലിനും വനിതാ സംവരണത്തിനും എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് നായിഡു പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിട്ടുനിന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് 2026ലെ സെൻസസ് മാത്രം അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തിയാൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ ഇങ്ങനെ വർധിക്കും:

  • ആന്ധ്രാപ്രദേശ്: 25ൽ നിന്ന് 38 ആയി.
  • തമിഴ്നാട്: 39ൽ നിന്ന് 59 ആയി.
  • കർണാടക: 28ൽ നിന്ന് 42 ആയി.
  • തെലങ്കാന: 17ൽ നിന്ന് 26 ആയി.
  • കേരളം: 20ൽ നിന്ന് 30 ആയി.

ഇതോടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി നിലവിലുള്ള 129 ലോക്‌സഭാ സീറ്റുകൾ 195 ആയി ഉയരും. എന്നാൽ ആകെ ലോക്‌സഭാ സീറ്റുകളിലെ ദക്ഷിണേന്ത്യയുടെ വിഹിതം നിലവിലുള്ള 23.76 ശതമാനമായി തുടരുമെന്നാണ് നായിഡുവിന്റെ വിശദീകരണം.

ലോക്‌സഭയിലെ വനിതാ സംവരണം നടപ്പാക്കുന്നതിനും സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ ഈ നിർദേശം സഹായിക്കുമെന്നും നായിഡു അവകാശപ്പെട്ടു.

ഏകദേശം മൂന്ന് പതിറ്റാണ്ടായി ചർച്ചയിലുള്ള വനിതാ സംവരണം യാഥാർഥ്യമാക്കാനുള്ള ചരിത്രപരമായ അവസരമാണിതെന്നും ബില്ലിനെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾ നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മണ്ഡല പുനർനിർണയം ഫെഡറൽ സംവിധാനത്തെയും സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ബാധിക്കുമെന്ന ആശങ്ക പ്രതിപക്ഷം ഉയർത്തുന്നുണ്ട്. ജനസംഖ്യാ നിയന്ത്രണത്തിൽ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.

മണ്ഡല പുനർനിർണയവും വനിതാ സംവരണവും സംബന്ധിച്ച നിർദിഷ്ട നിയമനിർമാണത്തിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സമവായം വേണമെന്നാണ് കേന്ദ്രസർക്കാർ അനുകൂല നിലപാടുമായി നായിഡു ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button