എലോഹിം വർഷിപ് സെന്റർ വിവാദം; ബിജെപി പ്രതിഷേധം, നിലപാട് കടുപ്പിച്ച് വിശ്വാസികൾ

കൊല്ലം: എലോഹിം വർഷിപ് സെന്ററിന്റെ ചെന്നീർക്കരയിലെ കേന്ദ്രത്തിൽ കുട്ടികൾക്ക് ക്രൂരപീഡനമേറ്റതിൽ പ്രതിഷേധവുമായി ബിജെപി രംഗത്ത്. സ്ഥാപനത്തിന്റെ ഉടമ പാസ്റ്റർ ബിനു വാഴമുട്ടത്തിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ ആരാധന തടയാൻ കഴിയില്ലെന്ന് ആരോപിച്ച് വിശ്വാസികളും രംഗത്തെത്തി.
പ്രാർത്ഥനാ സ്വാതന്ത്ര്യം തങ്ങളുടെ അവകാശമാണെന്നും അത് തടയാൻ പാടില്ലെന്നും വിശ്വാസികൾ പറഞ്ഞു. പ്രാർത്ഥന തടയാൻ ആർക്കും അവകാശമില്ലെന്നും പ്രാർത്ഥനയ്ക്കുള്ള സൗകര്യം തങ്ങൾക്ക് ഒരുക്കി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരും വിശ്വാസികളും തമ്മിൽ വാക്കേറ്റമുണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി വിശ്വാസികളെ ആരാധന ഹാളിൽ പ്രവേശിപ്പിച്ചു.അന്തേവാസികൾക്ക് ആഹാരം പോലും കൃത്യമായി നൽകിയിരുന്നില്ലെന്നും വിദ്യാർത്ഥികളെ അതിക്രൂരമായി മർദിച്ചുവെന്നും കണ്ടെത്തിയതിന് പിന്നാലെ പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം വർഷിപ് സെന്ററിലെ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ ഒരുങ്ങുന്നുവെന്നാണ് വിവരം. അടുത്ത മാസംവരെ പ്രവര്ത്തിക്കാന് അനുമതിയുണ്ടായിരുന്ന സ്ഥാപനം നടത്തുന്നതിൽ വലിയ വീഴ്ചകൾ ഉണ്ടെന്ന് സാമൂഹിക നീതി വകുപ്പിന് വ്യക്തമായതിന് പിന്നാലെയാണ് നടപടി.
ബാലപീഡനത്തിൽ മാനേജർ ഉൾപ്പെടെ മൂന്ന് പേർ നിലവിൽ റിമാൻഡിലാണ്.അതേസമയം, എലോഹിം ഗ്ലോബൽ വർഷിപ് സെന്ററിന്റെ ഉടമ പാസ്റ്റർ ബിനു വാഴമുട്ടം ഓമല്ലൂരിലെ സെന്ററിലെത്തി. സെന്ററിനെതിരായ ആരോപണങ്ങൾ തള്ളിയ അദ്ദേഹം ആരാധനയ്ക്കെതിരായ പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നതെന്നും കുറ്റപ്പെടുത്തി. മാദ്ധ്യമങ്ങൾ പറഞ്ഞതുപോലെ താൻ ഒളിവിൽ അല്ലായിരുന്നെന്നും ഇവിടെ തന്നെ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ തമ്മിലാണ് സംഘർഷം നടന്നതെന്നും കോടതിയിൽ കേസ് ഇരിക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും പാസ്റ്റർ ബിനു വാഴമുട്ടം കൂട്ടിച്ചേർത്തു.




