News

കെഎഎസ് ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു; ഐഎഎസിന് പരിഗണിക്കണമെന്ന ചട്ടവും ഒഴിവാക്കാൻ നീക്കം

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) ചട്ടങ്ങൾ പൊളിച്ചെഴുതാനുള്ള നീക്കവുമായി സർക്കാർ. കെഎഎസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താനാണ് നീക്കം. ഇതിനായി കരട് വിജ്ഞാപനം പുറത്തിറക്കി. 29 വകുപ്പുകളിലെ ഒഴിവുകൾ മാറ്റിവയ്ക്കണമെന്ന പ്രധാനച്ചട്ടം ഒഴിവാക്കാനാണ് നീക്കം. ഈ വകുപ്പുകളിലെ പത്ത് ശതമാനം രണ്ടാം ഗസറ്റഡ് തസ്‌തികകൾ കെഎഎസിന് മാറ്റിവയ്ക്കണമെന്നാണ് നിലവിലെ ചട്ടം. ഇത് നീക്കുന്നതോടെ കെഎഎസുകാരെ ഏത് തസ്‌തികയിൽ നിയമിക്കണമെന്ന് സർക്കാരിന് തീരുമാനിക്കാൻ സാധിക്കും.

എട്ടുവർഷത്തെ സർവീസ് പൂർത്തിയാക്കുന്ന കെഎഎസുകാരെ ഐഎഎസിന് പരിഗണിക്കണമെന്ന ചട്ടവും ഒഴിവാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. മുൻകാല പ്രാബല്യത്തോടെയാണ് ചട്ടഭേദഗതി വരുത്തുന്നത്. അതിനാൽതന്നെ കെഎഎസ് ആദ്യ ബാച്ചിലുള്ളവരെയും പുതിയ തീരുമാനങ്ങൾ ബാധിക്കും. പുതിയ പട്ടികയിലുള്ളവർക്ക് നിയമനം നൽകാനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതെന്നാണ് സർക്കാരിന്റെ വാദം.കെഎഎസിനെ കേരളാ സിവിൽ സർവീസ് കേഡറാക്കും. ഇതിനായി സർക്കാർ നിയമഭേദഗതി തയ്യാറാക്കി.

രണ്ടാം ബാച്ച് റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് പുതിയ മാറ്റം. അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടത്തിന് കീഴിലുള്ള ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (അപ്പോയിന്റ്മെന്റ് ബൈ പ്രൊമോഷൻ) റഗുലേഷൻ പ്രകാരമായിരിക്കും കെഎഎസിനെ സ്റ്റേറ്റ് സിവിൽ സർവീസ് കേഡറാക്കുക. വർഷാവർഷം ഒഴിവുകൾ കണക്കാക്കുന്നതിന് പകരം വകുപ്പുകളിൽ നിശ്ചിത തസ്തികകൾ മാറ്റിവയ്ക്കും. ഐഎഎസ് സ്ഥാനക്കയറ്റത്തിന് കേന്ദ്രം നിശ്ചയിച്ച യോഗ്യതകൾ ഉറപ്പാക്കിയാവും കെഎഎസ് കേഡർ പുനഃസംഘടിപ്പിക്കുകയെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button