മാനവീയം വീഥിയിൽ കലാ-സാംസ്കാരിക പരിപാടികൾ തുടരും; ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: മാനവീയം വീഥിയിൽ കലാ, സാംസ്കാരിക പ്രവർത്തനങ്ങൾ തുടർന്നും നടത്തുന്നതിനുള്ള സൗകര്യം സാംസ്കാരിക വകുപ്പ് ഒരുക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. തിരുവനന്തപുരം മേയർ, മണ്ഡലം എംഎൽഎ എന്നിവരുമായി ചർച്ച നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും. സർഗാത്മക ഇടങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കലാകാരന്മാർ ഉയർത്തിയ ആശങ്കകൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കലാകാരന്മാർക്കൊപ്പവും ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പവുമാണ് സർക്കാർ നിലകൊള്ളുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മാനവീയം സാംസ്കാരിക കൂട്ടായ്മകളുടെ രജതജൂബിലിയോട് അനുബന്ധിച്ച് ഗായിക പുഷ്പവതിയുടെ പരിപാടിക്ക് തിരുവനന്തപുരം കോർപ്പറേഷൻ അനുമതി നിഷേധിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പരിപാടി നടത്താൻ ആരും അപേക്ഷ നൽകിയിട്ടില്ലെന്നായിരുന്നു മേയറുടെ വിശദീകരണം. മാനവീയം വീഥി ആർക്കും എന്തും നടത്താനുള്ള ഇടമല്ലെന്നും, ഇവിടം സ്വകാര്യ സ്വത്താക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നുമായിരുന്നു മേയർ വി.വി. രാജേഷിന്റെ നിലപാട്. ഇതിൽ പ്രതിഷേധിച്ച് വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.




