ബിജെപിയോട് വിടപറയാനൊരുങ്ങി പത്മജ? ഇന്ന് രാജിയെന്ന് അഭ്യൂഹം; കോൺഗ്രസ് നേതൃത്വവുമായി ചർച്ച

തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബിജെപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ന് ബിജെപി നേതൃത്വത്തിന് രാജി സമർപ്പിക്കുമെന്നാണ് അറിയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. കോൺഗ്രസിൽ വീണ്ടും അംഗത്വം എടുക്കുന്നതുസംബന്ധിച്ച് നേതൃത്വവുമായി ചർച്ചനടത്തിയെന്നും അറിയുന്നുണ്ട്. പത്മജയ്ക്ക് വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ല. പത്മജയ്ക്കൊപ്പം കോൺഗ്രസ് വിട്ട മറ്റുചിലരും പാർട്ടിയിൽ ചേരുമെന്നും അറിയിന്നുണ്ട്. ഇതിൽ പലരും ജില്ലാ ഭാരവാഹികളാണ്. എന്നാൽ ബിജെപി വിടുന്ന കാര്യത്തിൽ പത്മജ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് മടങ്ങാനുള്ള ശ്രമം പത്മജ ആരംഭിച്ചത് മൂന്നുമാസം മുമ്പെന്നാണ് ലഭിക്കുന്ന സൂചന. കോൺഗ്രസിലേക്ക് മടങ്ങാനുള്ള ആഗ്രഹം ആദ്യം അറിയിച്ചത് സഹോദരനും മന്ത്രിയുമായ കെ മുരളീധരനോടാണ്. എന്നാൽ ഇക്കാര്യത്തിൽ അനുകൂലമായോ പ്രതികൂലമായോ ഒന്നും പറയാതെ പാർട്ടി നേതൃത്വത്തോട് സംസാരിക്കാനായിരുന്നു മുരളീധരൻ നൽകിയ നിർദേശം.
ഇതിനുപിന്നാലെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കോൺഗ്രസിലെ പ്രമുഖ നേതാക്കളുമായി പത്മജ സംസാരിച്ചു എന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന് പത്മജയുടെ കാര്യത്തിൽ കാര്യമായ എതിർപ്പില്ലെന്നാണ് അറിയുന്നത്.എന്നാൽ, പത്മജ തിരിച്ചെത്തുന്നതിൽ ജില്ലയിലെ ഒരുവിഭാഗം കോൺഗ്രസുകാർക്ക് എതിർപ്പുണ്ട്. ഒരുകാരണവശാലും തിരിച്ചെടുക്കരുതെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളെ സമീപിക്കാനും അവർ ഒരുങ്ങുന്നുണ്ട്.
ബിജെപിയിൽ കാര്യമായ പരിഗണന കിട്ടാത്തതാണ് കോൺഗ്രസിലേക്ക് തിരിച്ചെത്താൻ പത്മജയെ പ്രേരിപ്പിക്കുന്നതെന്നാണ് അവരോട് അടുപ്പമുള്ള ചിലർ നൽകുന്ന സൂചന. കഴിഞ്ഞവർഷം ആദ്യം പത്മജയെ ഗവർണർ സ്ഥാനത്തേക്ക് കേന്ദ്രം പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ തൃശൂരിൽ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മത്സരിച്ചപ്പോൾ തീരെ ചെറിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.




