News

പാലത്തായി പീഡനക്കേസ് വീണ്ടും സുപ്രീം കോടതിയിൽ; പ്രതി പദ്മരാജന് നോട്ടീസ് അയച്ച് കോടതി!

ന്യൂഡൽഹി: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി നേതാവും മുൻ അദ്ധ്യാപകനുമായ കെ. പദ്മരാജന് നോട്ടീസ് അയച്ച് സുപ്രീം കോടതി. പദ്മരാജന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. ജസ്റ്റിസ് എം എം സുന്ദരേഷ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പദ്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. 2020ൽ പാലത്തായിയിലെ സ്‌കൂളിലെ ശുചിമുറിയിൽ വച്ചും മറ്റൊരു വീട്ടിൽ വച്ചും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പദ്മരാജനെതിരെ ഉയർന്ന പരാതി.

കടവത്തൂർ മുണ്ടത്തോടിലെ ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്ന പ്രതി, സംഘപരിവാർ അദ്ധ്യാപക സംഘടനയായ എൻ.ടി.യുവിന്റെ ജില്ലാ നേതാവുമായിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് പദ്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.2025 നവംബറിൽ പദ്മരാജനെ കുറ്റക്കാരനായി കണ്ടെത്തി തലശേരി അതിവേഗ പ്രത്യേക കോടതി ജീവപര്യന്തം തടവിന് വിധിച്ചു.

എന്നാൽ വിചാരണക്കോടതിയുടെ വിധിക്കെതിരെ പദ്മരാജൻ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ഹൈക്കോടതി 2026 ഓഗസ്റ്റിൽ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷ മരവിപ്പിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അതിജീവിതയുടെ അമ്മ ആരോപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button