News

ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ക്വട്ടേഷൻ സംഘം? 400 ഗ്രാം സ്വർണവുമായി പ്രതികൾ പിടിയിൽ!

​​​​​തിരുവനന്തപുരം: ചാലയിലെ ജുവലറി ഉടമയുടെ പക്കൽനിന്ന് സ്വർണം കവർന്നതിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി അന്വേഷണം തുടരുകയാണ്. അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആന്റണി, അമുൽ, ദിലീപ് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനത്തിൽനിന്ന് 400 ഗ്രാമിലധികം സ്വർണം കണ്ടെടുത്തു.

ബിസിനസുമായി ബന്ധപ്പെട്ട തർക്കമാണ് കവർച്ചയ്‌ക്ക് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളായ അമുലും ദിലീപും ചാലയിൽതന്നെ സ്വ‌ർണക്കച്ചവടം നടത്തുന്നവരാണ്. ഇവർ നിരവധി കേസുകളിൽ പ്രതിയായ അനൂപ് രാജിന് നൽകിയ ക്വട്ടേഷനിലാണ് സംഘം സ്വർണം കവർന്നത്. ചാലയിലെ വൈഷ്‌ണവി ജുവലറിയുടെ ഉടമയായ നന്ദകുമാറിനെതിരെയായിരുന്നു ക്വട്ടേഷൻ. ഷാഡോ അനിൽ എന്നറിയപ്പെടുന്ന അനിൽപ്രസാദും വിനോദ് ആന്റണിയുമാണ് ബൈക്കിലെത്തി സ്വ‌ർണം കൈക്കലാക്കിയത്. പിന്നീട് ബൈക്ക് ഒതുക്കിവച്ച് കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം കയറി രക്ഷപ്പെട്ടു.

ആദ്യം തമിഴ്‌നാട്ടിലേക്ക് കടന്നെങ്കിലും പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ ബംഗളൂരുവിലേക്ക് കടന്നു. ഇവിടെനിന്നും വയനാട് ഭാഗത്തേക്കുമെത്തി.നന്ദകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ സംഘത്തിന് കൈമാറിയ ശ്രാവണും ഇതിനിടെ ഇവരോടൊപ്പം ചേർന്നു. വിനോദസംഘത്തിനെത്തിയവരെന്ന വ്യാജേനയാണ് ഇവർ വയനാട്ടിൽ തങ്ങിയത്. ഇതിനായി പരിചയക്കാരനായ രാജീവാണ് ഇവരെ സഹായിച്ചത്. എന്നാൽ, പൊലീസ് സംഘം അവിടെയുമെത്തി. കാറിലുണ്ടായിരുന്ന ശ്രാവൺ പൊലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടേങ്കിലും മറ്റ് അഞ്ചുപേരെയും പിടികൂടാനായി. രാജീവിനെ ചോദ്യം ചെയ്‌ത് നോട്ടീസ് നൽകി വിട്ടയച്ചശേഷം പൊലീസ് പ്രതികളുമായി നാട്ടിലേക്ക് തിരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button