News

ഇസ്രയേൽ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പൂർത്തിയായി; ആർക്കും കേവല ഭൂരിപക്ഷമില്ല, നെതന്യാഹു സഖ്യത്തിന് വൻ തിരിച്ചടി!

ടെൽ അവീവ്: ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായി.120 അംഗ പാർലമെന്റിൽ (നെസെറ്റ്) കേവല ഭൂരിപക്ഷമായ 61 സീറ്റ് നേടാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് സാധിച്ചില്ല. വോട്ടെണ്ണൽ 100 ശതമാനവും പൂർത്തിയായപ്പോൾ 53 സീറ്റെന്ന നിലയിൽ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യം മുന്നിലുണ്ട്. യാഷർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റാണ് ലഭിച്ചത്. 19 സീറ്റുനേടി അറബ് പാർട്ടികൾ അപ്രതീക്ഷിത മുന്നേറ്റം നടത്തി.

ഏറ്റവും അവസാനമായി ഡബിൾ എൻവെലപ്പ് വോട്ട് എന്നറിയപ്പെടുന്ന സ്‌പെഷ്യൽ ബാലറ്റുകളാണ് എണ്ണിയത്. സൈനികർ, തടവുകാർ, വിദേശത്തുള്ള നയതന്ത്രജ്ഞർ, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ എന്നിവരുടെ വോട്ടുകളാണിത്.അധികാരം നിലനിറുത്താൻ നെതന്യാഹുവിനും ഭരണം പിടിക്കാൻ ഐസൻകോട്ടിനും പുറത്തുനിന്നുള്ള പിന്തുണ ആവശ്യമാണ്. അറബ് പാർട്ടികൾ പുറത്തുനിന്ന് പിന്തുണയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഐസൻകോട്ട് പ്രതികരിച്ചിട്ടില്ല.

നെതന്യാഹു അറബുമായി സഹകരിക്കില്ല. തീരുമാനമായില്ലെങ്കിൽ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകും. ഇതിനിടെ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അറബ് പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഇടതുപക്ഷ നേതാവ് യെയർ ഗോലാൻ അറിയിച്ചു. ഗോലാന്റെ ‘ഡെമോക്രാറ്റ്സ് ” പാർട്ടി എട്ട് സീറ്റുകളാണ് നേടിയത്. ഇതിനിടെ, തിരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങളുടെ വഴിവിട്ട ഇടപെടലുണ്ടായെന്ന ആരോപണത്തിൽ അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button