ശബരിമല ഒരുക്കങ്ങളിൽ ആശങ്ക വേണ്ട; നവംബർ 10-നകം എല്ലാ ജോലികളും പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് ഒരുക്കങ്ങളിൽ യാതൊരുവിധ ആശങ്കയും വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ഒരുക്കങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വരുന്ന നവംബർ പന്തിനകത്ത് സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാകും. മരാമത്ത് പണികളുടെ നിലവാര പരിശോധന കർശനമായി നടത്തുമെന്നും, ഏതുവിധേനയും ജോലികൾ ചെയ്ത് തീർക്കാമെന്ന് ഉദ്യോഗസ്ഥരും കരാറുകാരും കരുതേണ്ടെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.
അരവണ, അപ്പം എന്നിവയുടെ കരുതൽ സ്റ്റോക്ക് നിർമ്മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മണ്ഡലകാലത്തെ വെർച്വൽ ക്യൂ ബുക്കിംഗ് എണ്ണം സംബന്ധിച്ച് പോലീസുമായി ആലോചിച്ച് പിന്നീട് അന്തിമ തീരുമാനമെടുക്കും. അതേസമയം, തമിഴ്നാട്ടിൽ സൗജന്യമായി നൽകിയ റേഷൻ മുണ്ടുകൾ പമ്പയിലെ ദേവസ്വം ബോർഡിന്റെ കെട്ടുനിറ കേന്ദ്രത്തിൽ എത്തിയ സംഭവത്തിൽ അദ്ദേഹം കൈമലർത്തി. ഈ സംഭവത്തിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തമിഴ്നാട്ടിലെ റേഷൻ കടകൾ വഴി സൗജന്യമായി വിതരണം ചെയ്ത മുണ്ടുകൾ ശബരിമലയിൽ എത്തിയതിനെത്തുടർന്ന് ഇതിലെ അഴിമതി സമഗ്രമായി അന്വേഷിക്കണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ ആവശ്യപ്പെട്ടിരുന്നു.




