BlogNews

ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയിട്ടില്ല; വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്ന് ഇ.പി. ജയരാജൻ

കണ്ണൂർ: ശശിധരൻ കർത്തയിൽ നിന്ന് ഭാര്യ പണം വാങ്ങിയെന്ന മരുമകൻ ശ്യാംജിത്തിന്റെ ആരോപണം തള്ളി സി.പി.എം. നേതാവ് ഇ.പി. ജയരാജൻ. പണം വാങ്ങിയെന്ന വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും, തനിക്ക് ശശിധരൻ കർത്തയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ വാർത്ത നൽകിയ റിപ്പോർട്ടർ ടിവിക്കെതിരെ മാനനഷ്ടക്കേസും ക്രിമിനൽ കേസും നൽകുമെന്ന് ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജയരാജൻ ആവർത്തിച്ചു. വീണ പണം വാങ്ങിയെന്ന് പറയുന്നതുപോലെയാണ് ഭാര്യ ഇന്ദിരയും പണം വാങ്ങിയെന്ന് പ്രചരിപ്പിക്കുന്നത്. ഒരു ചാനൽ കൈവശം ഉണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2014-ലാണ് വൈദേകം പ്രവർത്തനം ആരംഭിക്കുന്നത്. ഭാര്യ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണം ഉപയോഗിച്ചാണ് റിസോർട്ട് തുടങ്ങിയത്. ഇതിന്റെ ഡയറക്ടർമാരും ഷെയർഹോൾഡർമാരും ആരൊക്കെയാണെന്ന് ഓൺലൈനിൽ പരിശോധിച്ചാൽ വ്യക്തമാകും. റിസോർട്ടിൽ ഒമ്പത് കോടി രൂപയുടെ നിക്ഷേപം ആരും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ശുപാർശ പ്രകാരമാണ് ശ്യാംജിത്തിനും ഭാര്യയ്ക്കും വൈദേകത്തിൽ ജോലി നൽകിയത്. എന്നാൽ സാമ്പത്തിക ക്രമക്കേട് നടത്തിയതിനെ തുടർന്ന് ഇരുവരെയും റിസോർട്ടിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. മരുമകനായതുകൊണ്ടാണ് നടപടി വൈകിയത്. ഇതിന്റെ വിദ്വേഷംമൂലമാണ് ഇപ്പോൾ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ശശിധരൻ കർത്തയിൽ നിന്ന് വാങ്ങിയ പണമാണെന്നായിരുന്നു മരുമകൻ ശ്യാംജിത് ഫേസ്ബുക്കിൽ ആരോപിച്ചത്. പ്രൈഡ് പ്രേംകുമാർ 9 കോടി, ജീവൻ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി എന്നിങ്ങനെ കറുത്ത പണമായി റിസോർട്ടിൽ നിക്ഷേപിച്ചുവെന്നും പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു. താൻ ജീവനൊടുക്കിയാൽ അതിന്റെ ഉത്തരവാദികൾ പി.കെ. ഇന്ദിര, ഇ.പി. ജയരാജൻ, തോമസ്, സി.കെ. ഷാജി എന്നിവരായിരിക്കുമെന്നും ശ്യാംജിത്ത് കുറിച്ചിരുന്നു. വിവാദമായതോടെ ഈ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു. ഇ.പി. ജയരാജന്റെ കൈപ്പടയിലെഴുതിയതെന്ന അവകാശവാദത്തോടെ ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button