മാസപ്പടി കേസിൽ പിണറായിക്ക് നിർണായക ദിനം തിങ്കളാഴ്ച! സി.എം.ആർ.എൽ–എക്സാലോജിക് കേസിലെ അപ്പീൽ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് പണമിടപാട് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച (ഒക്ടോബർ 26) പരിഗണിക്കും. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് പിണറായി വിജയൻ, മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ അപ്പീൽ നൽകിയിരിക്കുന്നത്.
സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അപ്പീൽ അടിയന്തരമായി കേൾക്കണമെന്ന് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും അഭിഭാഷകർ ജസ്റ്റിസ് സതീഷ് നൈനാൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിനുമുന്നിൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അപ്പീൽ പരിഗണിക്കേണ്ട ജസ്റ്റിസ് കെ. നടരാജൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിലവിൽ അവധിയിലായതിനാലും തിങ്കളാഴ്ച മാത്രമേ സഭയിലുണ്ടാകൂ എന്നതിനാലുമാണ് ഹർജി മാറ്റി വെച്ചത്. റോസ്റ്റർ പ്രകാരം ജസ്റ്റിസ് കെ. നടരാജന്റെ ബെഞ്ചുതന്നെ കേസ് പരിഗണിക്കട്ടെ എന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സുപ്രീം കോടതി പിണറായി വിജയന് പത്തുദിവസത്തെ സമയം അനുവദിക്കുകയും അതുവരെ വിജിലൻസ് അന്വേഷണം തടയുകയും ചെയ്തിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, അപ്പീൽ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദേശിക്കുകയായിരുന്നു. രജിസ്ട്രി വഴി സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിലെത്താനുള്ള കാലതാമസം ഒഴിവാക്കാൻ സുപ്രീം കോടതി ഉത്തരവടക്കം ചേർത്ത് പിണറായി വിജയൻ തന്നെ നേരിട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന വാദത്തിൽ പിണറായി വിജയന് വേണ്ടി സുപ്രീം കോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകർ ഹാജരാകും.
മുമ്പ് പിണറായി വിജയന്റെ അപ്പീൽ കേൾക്കാനുള്ള അപേക്ഷ തള്ളിയ ജസ്റ്റിസ് കെ. നടരാജനും ജസ്റ്റിസ് ജോൺസൺ ജോണും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചുതന്നെയാണ് തിങ്കളാഴ്ചയും കേസ് കേൾക്കുന്നത്. അതേസമയം, ചോദ്യംചെയ്യലിനായി ഇന്ന് (ഒക്ടോബർ 23) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ലെന്ന് പിണറായി വിജയൻ കത്തുമുഖേന അറിയിച്ചിട്ടുണ്ട്. വിജിലൻസ് കേസിലെ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്ത കാര്യവും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.




