തിരുവനന്തപുരത്തെ തെരുവുകളിൽ സമരം ചെയ്ത് പഠിച്ചു; ഡൽഹിയിൽ പോരാട്ടം ജനാധിപത്യം സംരക്ഷിക്കാൻ: എ.എ. റഹീം

തിരുവനന്തപുരം: രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡൽഹിയിൽ നടന്നതെന്ന് എ. എ. റഹീം എം.പി. ഡൽഹി സമരത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് തങ്ങൾ സമരത്തിലൂടെ മുന്നോട്ടുവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ രാജി, അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പ് സംവിധാനത്തെ തിരികെ പിടിക്കൽ, ഗ്യാനേഷ് കുമാറിനെതിരെ കർശന നടപടി സ്വീകരിക്കൽ എന്നിവയാണ് ആ ആവശ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ മുൻനിർത്തി ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്തിന്റെ തെരുവുകളിൽ സമരം ചെയ്താണ് തങ്ങൾ പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലും രാജ്യത്തുടനീളവും വലിയ പ്രതിഷേധങ്ങളും സമരങ്ങളുമാണ് നടക്കുന്നത്. എ. എ. റഹീം ഉൾപ്പെടെയുള്ള നേതാക്കളാണ് ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകിയത്. സമരത്തിനിടെ എ. എ. റഹീം ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ പോലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിടുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പോലീസ് സ്റ്റേറ്റാക്കി മാറ്റുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് നേതാക്കൾ ആരോപിച്ചു.




