News

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്നാട് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മാറിയ ഒഴിവിലാണ് കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ എത്തിയിരിക്കുന്നത്.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വിവിധ മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. എന്നാൽ ചടങ്ങിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല.

ആർഎസ്എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച ഓം പ്രകാശ് മാഥൂർ രാജസ്ഥാനിൽ നിന്നുള്ള പ്രമുഖനായ ബിജെപി നേതാവാണ്. 2008ൽ രാജസ്ഥാനിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി. പീന്നീട് ദേശീയ നേതൃത്വത്തിൻ്റെ ഭാ​ഗമായ മാഥൂർ ​ഗുജറാത്തിൻ്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു.

1989 മുതൽ 2024 വരെ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അം​ഗമായിരുന്നു. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്. 2008ലും 2016ലും രാജസ്ഥാനിൽ നിന്നും രാജ്യസഭയിലെത്തി. രാജസ്ഥാനിലെ ബാലി സ്വദേശിയാണ് ഓം പ്രകാശ് മാഥൂർ. 2024ലാണ് സിക്കിം ഗവർണറായി ഓം പ്രകാശ് മാഥുറിനെ നിയമിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button