പത്താംക്ലാസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്; മുഖ്യപ്രതിക്ക് പൊലീസ് ഏറ്റുമുട്ടലിൽ പരിക്ക്

പാട്ന: ബീഹാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കൂട്ടംചേർന്ന് ആക്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിക്ക് പൊലീസ് ഏറ്റുമുട്ടലിൽ പരിക്ക്. അക്രമസംഘത്തിലെ മുഖംമൂടി ധരിച്ചെത്തിയ മുഖ്യപ്രതി നന്ദൻ യാദവിനാണ് പരിക്കേറ്റത്.
തെളിവെടുപ്പിനിടെ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഇയാൾക്കുനേരെ വെടിയുതിർത്തതെന്ന് പൊലീസ് വ്യക്തമാക്കി. കാലിൽ വെടിയേറ്റ നന്ദൻ യാദവിനെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ബീഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ ചൗധരി പറഞ്ഞു.ശനിയാഴ്ച രാത്രിയാണ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയും ആൺകുട്ടിയും ആൾക്കൂട്ട ആക്രമണത്തിന് ഇരകളായത്.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആൺകുട്ടിയെ കോളറിൽ പിടിച്ച് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയെ മോശമായി സ്പർശിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.സംഭവത്തിൽ സംസ്ഥാനത്തുടനീളം വലിയ രീതിയിൽ പ്രതിഷേധം ഉടലെടുത്തിരുന്നു.
രാത്രിസമയത്ത് പെൺകുട്ടികൾക്ക് പൊതുയിടത്ത് സുരക്ഷ ഒരുക്കാൻ കഴിയാത്തതിൽ ബിഹാർ സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു. ഇതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചു.



