‘തിരഞ്ഞെടുപ്പിലെ തോൽവിയുടെ അരിശം തീർക്കലോ? ബംഗാളിലെ അവസ്ഥ കേരളത്തിലും വരും’; സി.പി.എമ്മിനെതിരെ കാന്തപുരം വിഭാഗം

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സ്ത്രീകളെ സംബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ സി.പി.എം. നേതാക്കൾ നടത്തിയ രൂക്ഷവിമർശനത്തിനെതിരേ എ.പി. വിഭാഗം സമസ്ത. തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ ദേഷ്യവും പ്രതികാരവും തീർക്കാനാണോ കാന്തപുരത്തിനെതിരേ രംഗത്തുവന്നതെന്ന് സംഘടനാ പ്രസിദ്ധീകരണമായ സിറാജ് ദിനപത്രത്തിലെ ലേഖനത്തിൽ ചോദിക്കുന്നു. എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എഴുതിയ ലേഖനത്തിലാണ് സി.പി.എമ്മിനെതിരേ രൂക്ഷവിമർശനമുള്ളത്.
കഴിഞ്ഞ പത്തുവർഷമായി സി.പി.എം. സ്വീകരിച്ചുപോരുന്നതിൽനിന്ന് വ്യത്യസ്തമായി അന്ധമായ വിമർശനമാണ് ഈ വിഷയത്തിൽ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടുപോയെന്ന വിലയിരുത്തലുകൾക്കിടയിലാണ് ഇത്തരമൊരു അരിശംതീർക്കലെന്നും ലേഖനത്തിൽ പറയുന്നു.
പോരായ്മകൾ തിരുത്തി ചികിത്സിച്ചില്ലെങ്കിൽ ബംഗാളിൽ സംഭവിച്ചതുപോലെ കേരളത്തിലും സി.പി.എമ്മിന് സംഭവിക്കുമെന്നും ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഇടതുപക്ഷം കേരളത്തിൽ നിലനിൽക്കണമെന്നാണ് മറ്റുപലരേയുംപോലെ സുന്നി വിഭാഗവും ആഗ്രഹിക്കുന്നത്. എന്നാൽ, കാര്യങ്ങൾ വിരുദ്ധമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ലേഖനത്തിലുണ്ട്. ലേഖനത്തിന്റെ ആദ്യഭാഗത്ത് കാന്തപുരം സ്ത്രീവിരുദ്ധനല്ലെന്ന് സ്ഥാപിക്കാൻ അവരുടെ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തവും പെൺകുട്ടികളുടെ വിദ്യാഭ്യാസവും എടുത്തുപറയുന്നുമുണ്ട്.
കാന്തപുരത്തിന്റേത് സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്ന് ആരോപിച്ച് സി.പി.എം. നേതാക്കളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവരും പിന്നീട് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ.ൻ. ഷംസീർ ഉൾപ്പെടെയുള്ള നേതാക്കളും വിമർശനമുന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് നേരിടുന്നതിൽ, സി.പി.എമ്മിന്റെ നേതൃത്വം പിണറായിയിലേക്ക് മാത്രം ചുരുങ്ങിയതും അധികാരം കേന്ദ്രീകരിക്കപ്പെട്ടതുമുൾപ്പെടെയുള്ള പൊതുവായ വിമർശനങ്ങളും ലേഖനം മുന്നോട്ടുവയ്ക്കുന്നു.




