News

‘എംഎൽഎമാരെ ഭീഷണിപ്പെടുത്താൻ കെ.കെ. രാഗേഷിന് എന്തധികാരം?’; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കണ്ണൂർ: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും എംഎൽഎമാരെ പൊതുവേദികളിൽ ഭീഷണിപ്പെടുത്താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് എന്തധികാരമാണുള്ളതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി കുഞ്ഞികൃഷ്ണനെയും ടികെ ഗോവിന്ദനെയും എന്തോ ചെയ്തുകളയുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന സമീപനമാണ് രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങളിൽ കെകെ രാഗേഷിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടത് സ്ത്രീയായതുകൊണ്ടാണെന്ന പ്രചാരണം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകളോട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർക്ക് യോജിപ്പുണ്ടോയെന്ന് അദ്ദേഹം തുറന്നുപറയണം.തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം വോട്ട് ചെയ്ത ജനങ്ങളാണെന്ന് വരുത്തിതീർത്ത് പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വിശദീകരണ സമ്മേളനങ്ങളിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

പാർട്ടി വിപുലീകൃത സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അണികൾക്കിടയിലെ കടുത്ത അതൃപ്തിയും രോഷവും തണുപ്പിക്കാൻ വേണ്ടിയാണ് ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്നത്. എന്നാൽ ഈ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ നിന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ വിട്ടുനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ പറഞ്ഞത് സമസ്തയുടെ നിലപാടായിരിക്കാം. എന്നാൽ സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരരുതെന്ന യാഥാസ്ഥിതിക നിലപാടുകളോട് സർക്കാരിന് ഒട്ടും യോജിപ്പില്ലെന്നും സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തമാണ് നാടിന്റെ പുരോഗതിക്ക് അനിവാര്യമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button