നേപ്പാളിൽ മിന്നൽ പ്രളയം: നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയി, അണക്കെട്ടുകൾ തകർന്നു, എട്ട് മരണം

കാഠ്മണ്ഡു: ടിബറ്റൻ അതിർത്തിക്ക് സമീപമുള്ള വടക്കൻ നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ എട്ട് പേർ മരിക്കുകയും ഒമ്പത് പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോയി. ചില ഡാമുകൾ തകർന്നതായും നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയതായും റിപ്പോർട്ടുണ്ട്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബീഹാറിലും അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നേപ്പാളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ചിലയിടങ്ങളിൽ ഹെലികോപ്ടറുകൾക്ക് ഇറങ്ങാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടുണ്ട്.ഇന്ന് രാവിലെ പ്രാദേശിക സമയം ഒമ്പതുമണിയോടെയാണ് ടിബറ്റിന്റെ ഭാഗത്തുനിന്ന് പ്രളയജലം ഭാേട്ടെ കോശി നദിയിലേക്ക് ഇരച്ചെത്തിയത്. ഒരുതരത്തിലുള്ള മുന്നറിയിപ്പും ലഭിക്കാത്തതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. തിമുരെ, സ്യാപ്രു ബെസി മേഖലകളെ പ്രളയം സാരമായി ബാധിച്ചു.ടിബറ്റിലും മണ്ണിടിച്ചിലുണ്ടായി എന്നാണ് റിപ്പോർട്ട്. ഇവിടെ ചിലരെ കാണാതായതായും നാശനഷ്ടങ്ങൾ ഉണ്ടായതായും ചൈനീസ് വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നു.
ഇവിടെയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.മിന്നൽ പ്രളയത്തിന്റെ കാരണം വ്യക്തമല്ല.റസുവ പ്രദേശത്ത് പെയ്ത മഴ പ്രളയത്തിന് കാരണമായി കരുതുന്നില്ലെന്നാണ് നേപ്പാളിലെ പ്രളയ പ്രവചന വിഭാഗം പറയുന്നത്. അതേസമയം, ടിബറ്റിന്റെ ഭാഗത്ത് ശക്തമായ മഴയുണ്ടായതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇവിടെ പെയ്ത മഴയാകാം മിന്നൽ പ്രളയത്തിന് കാരണമായതെന്നാണ് കരുതുന്നത്.മിന്നൽ പ്രളയത്തിൽ നദികൾ നിറഞ്ഞൊഴുകുന്നതിന്റെയും വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.




