ഓണക്കാലത്ത് പൊലീസുകാർക്കും സന്തോഷിക്കാം; അലവൻസ് ഇരട്ടിയാക്കി സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിവരുന്ന അലവൻസ് ഇരട്ടിയാക്കി സർക്കാർ. 500 രൂപയിൽ നിന്ന് 1000 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്. സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക് വിപുലമായ സാമ്പത്തിക സഹായങ്ങൾ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസം 19 മുതൽ വിതരണം ആരംഭിക്കുന്നതിനായി 1105 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കൂടാതെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4,500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും നൽകും. ആശാ പ്രവർത്തകരും അങ്കണവാടി പ്രവർത്തകർക്കും 1450 രൂപ വീതം പ്രത്യേക സഹായമായി നൽകും.
തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണക്കാലത്ത് 1200 രൂപ വീതം ആശ്വാസധനം ലഭിക്കും.പിന്നാക്ക വിഭാഗങ്ങൾക്കുള്ള പെൻഷൻ കുടിശിക വിതരണം ചെയ്യാനും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശിക അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. പാചകത്തൊഴിലാളികൾക്ക് പുതുക്കിയ നിരക്കിലുള്ള തുക ലഭ്യമാക്കും. അങ്കണവാടി ജീവനക്കാരുടെ കുടിശിക തീർക്കുന്നതിനായി 34 കോടി രൂപയും സർക്കാർ അനുവദിച്ചു.




