News

‘വന്ദേമാതരം ബിജെപിക്ക് രാഷ്ട്രീയ ആയുധം, ഞങ്ങൾക്ക് വൈകാരികം’; കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എഐസിസി ആസ്ഥാനത്ത് ഉണ്ടായ വന്ദേമാതര വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങൾക്ക് വന്ദേമാതരവും സ്വാതന്ത്ര്യസമരവും രാഷ്ട്രീയമല്ല, മറിച്ച് വൈകാരികമായ വിഷയമാണ്.

വന്ദേമാതരത്തെ എന്നും പൂർണ്ണമായി ബഹുമാനിക്കുന്നവരാണ് കോൺഗ്രസുകാർ. എഐസിസി ആസ്ഥാനത്തുണ്ടായത് ചില ആശയവിനിമയത്തിന്‍റെ പ്രശ്നങ്ങൾ മാത്രമാണ്. വന്ദേമാതരത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ട്, അത് വഴിയെ എല്ലാവർക്കും ബോധ്യമാകും,” കെ സി വേണുഗോപാൽ പറഞ്ഞു.

കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. വന്ദേമാതരം ബിൽ ബിജെപിയുടെ വിഭാഗീയ അജണ്ടയുടെ ഭാഗമാണ്. രാജ്യത്തിന്‍റെ അതിർത്തി സുരക്ഷയിൽ കേന്ദ്രം പരാജയപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് തീറെഴുതി കൊടുക്കുകയാണ്. അരുണാചൽ പ്രദേശിൽ ചൈന പിടിച്ചെടുത്ത ഭൂമി ആദ്യം തിരിച്ചെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഇത്തരത്തിലുള്ള കാതലായ വിഷയങ്ങളാണ് ആദ്യം പാർലമെന്‍റിലും പൊതുസമൂഹത്തിലും ചർച്ച ചെയ്യപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കെപിസിസി പുനസംഘടനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്, “നിങ്ങൾക്ക് എപ്പോഴാണ് പുനസംഘടന വേണ്ടത്?” എന്ന് അദ്ദേഹം തമാശരൂപേണ ചോദിച്ചു. പാർട്ടിയിൽ മാറാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് സന്നദ്ധത പ്രകടിപ്പിച്ചു എന്നത് സത്യമാണ്. അനുയോജ്യമായ സമയം ആകുമ്പോൾ പുനസംഘടന നടപടികൾ പൂർത്തിയാകും. കൂടാതെ വിവിധ ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും പുനസംഘടന പാർട്ടി വളരെ ഗൗരവമായിത്തന്നെ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

പി സി ജോർജിന്‍റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഇത് പണ്ടേ കോൺഗ്രസ് മുന്നറിയിപ്പ് നൽകിയ കാര്യമാണെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. പണം മാത്രം കൊണ്ട് തെരഞ്ഞെടുപ്പുകൾ ജയിക്കാൻ കഴിയില്ലെന്ന് ജനങ്ങൾ തെളിയിച്ച തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button