News

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലുണ്ടായ സംഘര്‍ഷത്തില്‍‍ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംഭവത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഹോസ്റ്റലിനുള്ളിലേക്ക് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം ഗൗരവത്തോടെയാണ് വകുപ്പ് കാണുന്നത്. മദ്യക്കുപ്പികള്‍ ഹോസ്റ്റലില്‍ എങ്ങനെ എത്തിയെന്നതും, പുറത്തുള്ളവര്‍ക്ക് അതിനുള്ളില്‍ പ്രവേശനം ലഭിച്ചതെങ്ങനെയെന്നും സമിതി പരിശോധിക്കും. കൂടാതെ ഹോസ്റ്റലിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടക്കും.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ‘റെസിസ്റ്റൻസ് മാര്‍ച്ച്’ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ എത്തിയപ്പോഴാണ് തെരുവ് യുദ്ധത്തിന് സമാനമായ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മാര്‍ച്ചിനിടെ ഹോസ്റ്റലില്‍ നിന്ന് കല്ലും കുപ്പികളും എറിഞ്ഞെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ സമരക്കാര്‍ തീപ്പന്തങ്ങള്‍‍ അടക്കം ഹോസ്റ്റലിനുള്ളിലേക്ക് എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥികളും തിരിച്ചടിക്കുന്നു.

തുടര്‍ന്ന് കോളേജ് കാമ്പസില്‍ അതിക്രമിച്ചുകടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കൊടിതോരണങ്ങളും ബോര്‍‍ഡുകളും നശിപ്പിച്ചു. ഇരുവിഭാഗവും തമ്മില്‍ കല്ലേറും ഏറ്റുമുട്ടലുമുണ്ടായതോടെ അരമണിക്കൂറോളം തലസ്ഥാനം കലാപഭൂമിയായി. സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് എസ്.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button