ബരാമതിയിൽ വിമാനാപകടം; തകർന്നുവീണത് സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം

പൂനെ: ബരാമതി വിമാനത്താവളത്തിൽ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകർന്നുവീണു. ഇന്ന് ഉച്ചയ്‌ക്ക് 12.35ഓടെ റൺവേയ്‌ക്ക് സമീപത്തുള്ള പ്രദേശത്താണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്.
സമാനമായ ഒരു അപകടത്തിലാണ് ഏഴ് മാസം മുമ്പ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ആയിരുന്ന അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടത്. അജിത് പവാർ, അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ, സഹായി, പൈലറ്റ് ഇൻ കമാൻഡ് സുമിക് കപൂർ, ഫസ്റ്റ് ഓഫീസർ ശാംഭവി പഥക് എന്നിവരാണ് മരിച്ചത്. ലാൻഡിംഗിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു.ഇക്കഴിഞ്ഞ മേയ് 13ന് ബരാമതിയിൽ സ്വകാര്യ കമ്പനിയുടെ മറ്റൊരു പരിശീലന വിമാനവും തകർന്നുവീണിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ലാൻഡിംഗിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഒരു ഭാഗം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.




