‘വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ല, നരേന്ദ്ര മോദി ഇന്ത്യയുടെ ഭൂതകാലം’

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും വിദ്യാർത്ഥികൾ നേരിട്ട അക്രമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ ജൻപഥിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തിങ്കളാഴ്ച പാർലമെന്റിലേയ്ക്ക് നടന്ന പ്രതിഷേധ മാർച്ചിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെയും പെല്ലറ്റ് ഗൺ പ്രയോഗത്തെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് ആവർത്തിച്ച അദ്ദേഹം ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നതാണ് പ്രധാന ആവശ്യമെന്നും കൂട്ടിച്ചേർത്തു. ധർമേന്ദ്ര പ്രധാനെ മറ്റൊരു വകുപ്പിലേക്ക് മാറ്റുന്നതിനെക്കുറിച്ച് നരേന്ദ്ര മോദി മന്ത്രിസഭയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും രാഹുൽ അവകാശപ്പെട്ടു. എന്നാൽ ഇത് രാജ്യത്തെ വിദ്യാർത്ഥികൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി ഇന്ത്യയുടെ ഭൂതകാലമാണ്. ഭൂതകാലത്തിന് ഒരിക്കലും ഭാവികാലത്തോട് പോരാടാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അതേസമയം, നീറ്റ് ക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമായി തുടരുകയാണ്. എന്നാൽ ധർമേന്ദ്ര പ്രധാനെ പുറത്താക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.




